
ലഗ്വാർഡിയ: ലാൻഡിംഗിനിടെ യാത്രാ വിമാനം ഫയർ ഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. ന്യൂയോർക്കില ലഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇടയിലാണ് എയർ കാനഡ വിമാനം അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന ഫയർ ഫോഴ്സ് ട്രക്കുമായാണ് എയർ കാനഡ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിൽ ട്രക്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. എയർ കാനഡ എക്സ്പ്രസിന്റെ സിആർജെ 900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് വിമാനത്തിൽ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
നാല് ക്രൂ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കോറസ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ജാസിനും വിമാനത്തിന്റെ ഉടമസ്ഥതയിൽ പങ്കാളിത്തമുണ്ട്. മണിക്കൂറിൽ 24 മീറ്റർ വേഗതയിൽ പോകുമ്പോഴാണ് വിമാനം ഫയർ ട്രക്കിൽ ഇടിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗത്തിനാണ് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്താവളം അടച്ചു. 18ഓളം വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്. പല വിമാനങ്ങളും പുറപ്പെട്ട വിമാനത്താവളങ്ങളിലേക്കാണ് തിരികെ പോയത്. ലാഗ്വാർഡിയ വിമാനത്താവളത്തിലെ നാലാം റൺവേയിൽ കുടുങ്ങിയ മറ്റൊരു വിമാനം വലിച്ച് നീക്കാൻ പോയിരുന്ന ട്രക്കിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.
കൂട്ടിയിടിയെ തുടർന്ന് വിമാനത്തിന്‍റെ മുന്‍ഭാഗം തകർന്നു. പിന്നാലെ വിമാനത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെട്ട് പിന്‍ഭാഗം നിലത്ത് കുത്തുകയും വിമാനത്തിന്‍റെ മുന്‍ഭാഗം മുകളിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു. ഇത് ഇടിയുടെ ആഘാതത്തെ കാണിക്കുന്നെങ്കിലും അധികൃതർ കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൂട്ടിയിടിയുടെ കൃത്യമായ കാരണമോ വിമാനത്തിനും ഫയർ ട്രക്കിനും ഉണ്ടായ നാശനഷ്ടമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ലാഗ്വാർഡിയ വിമാനത്താവളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam