
ഫ്ലോറിഡ: പറന്നുയർന്ന വിമാനം തകരാറിലായതിന് പിന്നാലെ അടിയന്തരമായി ഇറക്കിയത് മുതലകളുടെ താവളമായ ചതുപ്പിലേക്ക്. പൈലറ്റിനെ പുറത്തെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. ചൊവ്വാഴ്ചയാണ് ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് മേഖലയിലാണ് ചെറുവിമാനം അടിയന്തരമായി ഇറക്കിയത്. ചതുപ്പുകൾക്ക് പേരുകേട്ട ആ ഈ മേഖല മുതലകളുടെ സ്ഥിരം താവളം കൂടിയാണ്.
സെസ്ന സ്കൈഹ്വോക്ക് 172 എം വിമാനമാണ് അടിയന്തരമായി ചതുപ്പിലേക്ക് ഇറക്കിയത്. ഫ്ലോറിഡയുടെ വെസ്റ്റ് ബോര്‍ഡ് കൌണ്ടിക്ക് കീഴിലാണ് ഈ പ്രദേശമുള്ളത്. രക്ഷാ സേന സംഭവ സ്ഥലത്ത് എത്തുമ്പോള്‍ ചതുപ്പിലേക്ക് താഴുന്ന വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന പൈലറ്റിനെയാണ് കാണാന്‍ സാധിച്ചത്. മുതലകളും കൊതുകുകളും എന്നുവേണ്ട എല്ലാം പൊതിഞ്ഞ നിലയിലായിരുന്നു ഇയാളുണ്ടായിരുന്നതെന്നാണ് രക്ഷാ സേന സംഭവ സ്ഥലത്തെ ആദ്യ കാഴ്ചയേക്കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. അപകട മേഖലയായതിനാല്‍ സംഭവ സ്ഥലത്ത് നിന്ന് പൈലറ്റിനെ പുറത്തെത്തിക്കാന്‍ മണിക്കൂറുകളാണ് വേണ്ടി വന്നത്.
മുങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തിന് മുകളിലായി ഹെലികോപ്ടര്‍ ഏറെ നേരം നിയന്ത്രിച്ച് നിര്‍ത്തിയ ശേഷം അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് പൈലറ്റിനെ പുറത്തേക്ക് കൊണ്ടുവരികയാണ്. സാരമായി പരിക്കേറ്റ പൈലറ്റ് ചികിത്സയിലാണുള്ളത്. രാവിലെ നാല് മണിയോടെയാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. നിർജ്ജലീകരണവും മറ്റ് അസ്വസ്ഥകളും നേരിട്ടതിനേ തുടര്‍ന്നാണ് പൈലറ്റിനെ ആശുപത്രിയിലാക്കിയിരിക്കുന്നത്. ഒകിച്ചോബി എന്ന സ്ഥലത്ത് നിന്നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്‍ജിന്‍ തകരാറ് വന്നതിനേ തുടര്‍ന്ന് രണ്ടായിരം അടി താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് അപകടത്തേക്കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്.
ബോട്ടുകള്‍ ഉപയോഗിച്ച് ഈ മേഖലയിലേക്ക് വരുന്നത് ചതുപ്പും മുതലകളും തടസമായതിനാലാണ് എയര്‍ ലിഫ്റ്റ് ചെയ്തതെന്നാണ് രക്ഷാ സേന വിശദമാക്കുന്നത്. രക്ഷാസേന എത്തുമ്പോള്‍ ഭൂരിഭാഗവും ചതുപ്പിലും ചെളിയിലുമായി മുങ്ങിയ വിമാനത്തിന്റെ ചിറകില്‍ ഇരിക്കുന്ന നിലയിലായിരുന്നു യുവ പൈലറ്റുണ്ടായിരുന്നത്. കാലിനേറ്റ പരിക്ക് ഷർട്ടുകൊണ്ട് താല്‍ക്കാലിക പരിഹാരം കണ്ട സ്ഥിതിയിലായിരുന്നു പൈലറ്റുണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam