
സൗത്തെൻഡ്: ബ്രിട്ടനിൽ തകര്‍ന്ന് വീണ് അഗ്നിഗോളമായി മാറിയ വിമാനത്തിലെ പൈലറ്റിനെ അപകടത്തിന് തൊട്ടുമുമ്പ് കണ്ട അനുഭവം പങ്കുവച്ച് ദൃക്സാക്ഷികൾ. ചെറുവിമാനം പറന്നുയര്‍ന്ന നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു. പറക്കാനൊരുങ്ങുന്ന വിമാനത്തിൽ നിന്ന് കുട്ടികൾക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സൗത്തെൻഡ് വിമാനത്താവളത്തിലെ അപകടം.
ആകാശത്തേക്ക് ഉയർന്ന വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് നിലത്ത് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഴയുന്നു. പൈലറ്റ് കുട്ടികൾക്ക് നൽകിയ ഹൃദയസ്പർശിയായ ഒരു അഭിവാദ്യത്തിന് ശേഷം ദാരുണമായ ദുരന്തത്തിലേക്ക് വീഴുന്നതാണ് തങ്ങൾക്ക് കാണേണ്ടി വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തന്റെ ഭാര്യയക്കും മക്കൾക്കും ഒപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന ജോൺ ജോൺസൺ അപകടത്തിന് തൊട്ടുമുമ്പുള്ള ഞെട്ടിക്കുന്ന അവസാന നിമിഷം ഓർത്തെടുത്തു. "ഞങ്ങൾ പൈലറ്റുമാർക്ക് കൈവീശി, അവരും ഞങ്ങൾക്ക് തിരികെ കൈവീശി അഭിവാദ്യം ചെയ്തു. പിന്നീട് വിമാനം ശക്തി പ്രാപിച്ച് റൺവേയിലൂടെ മുന്നോട്ട് നീങ്ങി പറന്നുയർന്നു. എന്നാൽ ഏതാനും നിമിഷങ്ങൾ മാത്രം കഴിഞ്ഞ്, അത് ഇടത് ഭാഗത്തേക്ക് ശക്തമായി ചെരിഞ്ഞു, തലകീഴായി മറിഞ്ഞ് താഴേക്ക് പതിച്ചു. തലകുത്തി ഇടിച്ചിറങ്ങുകയായിരുന്നു. പിന്നാലെ അവിടം ഒരു വലിയ തീഗോളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഏകദേശം 3:58 ന് നടന്ന അപകടം, ആകാശത്തേക്ക് കറുത്ത പുക പടർത്തി. എസെക്സ് പോലീസ്, അഗ്നിശമന സേനാംഗങ്ങൾ, ഒന്നിലധികം ആംബുലൻസ് ടീമുകൾ എന്നിവർ സംഭവസ്ഥലത്ത് തുടരുകയാണ്. ഒരു ജനറൽ ഏവിയേഷൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സൗത്തെൻഡ് വിമാനത്താവളം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഉച്ചയ്ക്ക് ഷെഡ്യൂൾ ചെയ്തിരുന്ന നാല് വാണിജ്യ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്.