
ബ്രിട്ടൻ: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്. അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ വിൻഡ് ഷീൽഡിൽ വിള്ളൽ രൂപപ്പെടുകയായിരുന്നു. ഇതോടെ വിമാനം ബ്രിട്ടനിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലാൻഡിംഗ് നടത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്, പീറ്റ് ഹെഗ്‌സെത്ത് സുരക്ഷിതമാണെന്നും പെൻറഗൺ വിശദമാക്കി. സാങ്കേതിക തകരാറ് അനുഭവപ്പെടുമ്പോഴുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പെൻറഗൺ വിശദമാക്കുന്നത്.
സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ എക്‌സിലെ കുറിപ്പിൽ വിശദമാക്കി. പീറ്റ് ഹെഗ്‌സെത്ത് ബ്രസ്സൽസിലേക്കുള്ള ഒരു ഹ്രസ്വ യാത്ര കഴിഞ്ഞ് അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള അമേരിക്കൻ സൈനിക വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. ഈ വർഷം തുടക്കത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ മ്യൂണിക്കിലേക്ക് കൊണ്ടുപോയിരുന്ന യുഎസ് വ്യോമസേന വിമാനത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടർന്ന് വാഷിംഗ്ടണിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. നാറ്റോയുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് പീറ്റ് ഹെഗ്‌സെത്ത് ബ്രസ്സൽസിലേക്ക് പോയത്. വളരെ വേഗത്തിൽ സൈനിക വിമാനം 35000 അടിയിൽ നിന്ന് പതിനായിരം അടിയിലേറെ താഴേയ്ക്ക് ഇറക്കിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അറ്റ്ലാൻറിക് സമുദ്രത്തിന് മുകളിലായിരുന്നു അപകടം സംഭവിച്ച സമയത്ത് അമേരിക്കൻ സൈനിക വിമാനമുണ്ടായിരുന്നത്. അയർലാൻഡിന്റെ വ്യോമ മണ്ഡലത്തിൽ വച്ചാണ് സാങ്കേതിക തകരാറ് നേരിട്ടത്. മിനിട്ടുകൾക്കുള്ളിൽ സഫ്ലോക്കിലെ യുഎസ് ബേസിലേക്കാണ് ബോയിംഗ് സി 32 എ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അടിയന്തര ഘട്ടത്തിൽ പൈലറ്റ് നൽകുന്ന 7700 എന്ന കോഡാണ് യുഎസ് സൈനിക വിമാനം നൽകിയത്. എൻജിൻ തകരാറ്, ക്യാബിനിലെ മർദ്ദം സംബന്ധിച്ച തകരാറുകൾ, മെഡിക്കൽ എമർജൻസികൾ എന്നിവയ്ക്ക് എടിസിയിലേക്ക് നൽകുന്ന സാർവ്വദേശീയ കോഡാണ് അമേരിക്കൻ സൈനിക വിമാനം നൽകിയത്.