ഒന്നും പേടിക്കാനില്ല, ഇന്ത്യയിലെ സംവിധാനങ്ങൾ യുഎസ് നിലവാരത്തിന് തുല്യമെന്ന് അംഗീകാരം; സമുദ്രോൽപന്ന കയറ്റുമതിയാകാം

Published : Oct 15, 2025, 05:43 PM IST
shark

Synopsis

ഇന്ത്യൻ സമുദ്രോൽപ്പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന സിഎംഎഫ്ആർഐയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 

കൊച്ചി: സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരമാമായി ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പഠനത്തിന്‍റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി. യുഎസ് മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്.

ഇന്ത്യയിൽ തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ 2020ലാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്‌മെന്‍റ്) പദ്ധതിക്ക് തുടക്കമിട്ടത്. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (എഫ് എസ് ഐ) എന്നിവരുടെ സഹകരണത്തോടെ നടത്തിയ പഠനം കടൽ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി. പഠനത്തിന്‍റെ ഒന്നാം ഘട്ടത്തിൽ 18 ഇനം കടൽ സസ്തനികളുടെ സ്റ്റോക് അസസ്‌മെന്‍റ് പൂർത്തിയാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്ന് ഈ പഠനം സ്ഥിരീകരിച്ചു.

പഠനത്തിലൂടെ വ്യക്തമായത്

മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ വലയിൽ കുടുങ്ങുങ്ങുന്ന സസ്തനികളുടെ എണ്ണം അനുവദനീയമായ പരിധിയിലും താഴെയാണെന്നും നിലനിൽപ്പിന് ഭീഷണിയല്ലെന്നും പഠനത്തിലൂടെ മനസ്സിലായി. സിഎംഎഫ്ആർഐയുടെ ഈ ശാസ്ത്രീയ റിപ്പോർട്ടാണ് യുഎസ് നാഷണൽ മറൈൻ ഫിഷറീസ് സർവീസിന്‍റെ (എൻഎംഎഫ്എസ്) അംഗീകാരം നേടുന്നതിൽ നിർണായകമായത്. കടൽ സസ്തനികളുടെ സംരക്ഷണത്തിലും മത്സ്യബന്ധനത്തിൽ അവയ്ക്ക് ഉപദ്രവമാകുന്ന കാര്യങ്ങളില്ലെന്നും ഇന്ത്യയിലെ സംവിധാനങ്ങൾ യുഎസ് നിലവാരത്തിന് തുല്യമാണെന്നും എൻഎംഎഫ്എസ് വിലയിരുത്തി.

കോടിക്കണക്കിന് ഡോളറിന്‍റെ വ്യാപാരം സുരക്ഷിതമാക്കാനും വലിയൊരു കയറ്റുമതി നിരോധനം ഒഴിവാക്കാനും ഈ പഠനം സഹായിച്ചതായി ഈ ഗവേഷണ പ്രൊജക്ടിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു. കടൽ സസ്തനികളെ കുറിച്ചുള്ള നിരീക്ഷണവും ഗവേഷണവും സിഎംഎഫ്ആർഐ തുടർന്നുവരികയാണെന്നും ഇന്ത്യൻ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന് ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?