
ദില്ലി: ചൈനയിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനെ ദൃഢമായി ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇന്ത്യയും തുർക്കിയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. പഹൽഗാം, സിന്ധൂർ ഓപ്പറേഷൻ എന്നിവക്ക് ശേഷം തുർക്കി പാകിസ്ഥാനുമായി സഖ്യത്തിലേർപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർന്നതിൽ തുർക്കി ഇന്ത്യയെ വിമർശിക്കുകയും പാകിസ്ഥാനുമായി സഖ്യത്തിലേർപ്പെടുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയ്‌ക്കെതിരായ ഡ്രോൺ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിന് പാകിസ്ഥാൻ സൈന്യത്തിന് 350-ലധികം ഡ്രോണുകൾ തുർക്കി നൽകിയിരുന്നു.
മെയ് 7,8, 9 തീയതികളിൽ, വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ ഇന്ത്യൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ 300–400 ഡ്രോണുകൾ വിക്ഷേപിച്ചു. അവശിഷ്ടങ്ങളെക്കുറിച്ചുള്ള ഫോറൻസിക് അന്വേഷണത്തിൽ ഡ്രോണുകൾ തുർക്കി അസിസ്ഗാർഡ് സോംഗർ സംവിധാനങ്ങളാണെന്ന് സൂചന ലഭിച്ചതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണം ശേഖരിക്കുന്നതിനുമുള്ള ആക്രമണങ്ങൾ ലക്ഷ്യമിട്ടുള്ളതായിരിക്കാമെന്ന് ചൂണ്ടിക്കാട്ടി. ഏഴ് വർഷത്തിനിടെ ആദ്യമായിട്ടാണ് പ്രധാനമന്ത്രി മോദി ചൈനീസ് സന്ദർശനം നടത്തുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ ഇരു രാജ്യങ്ങളും യോജിപ്പിലെത്തി.