തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

Published : Apr 30, 2025, 06:38 PM IST
തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

Synopsis

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി കേരളത്തിൽ പ്രധാനമന്ത്രി നാളെ എത്തും

ദില്ലി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി റഷ്യ സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്രയാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും. എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിനടക്കമായി കേരളത്തിൽ പ്രധാനമന്ത്രി നാളെ എത്തും. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നാളെയും മറ്റന്നാളുമായി മോദി എത്തും.

അതേസമയം പഹൽഗാം തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍. സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാനാണ് ഇന്ത്യയുടെ മറ്റൊരു തീരുമാനം. ഇതിനായി എം പിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും.

മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും. പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക. ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്നും, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്