
ദില്ലി: വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചാണ് മോദി മടങ്ങിയെത്തുന്നത്. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രി മന്ത്രം ചൊല്ലിയാണ് ക്രൊയേഷ്യൻ പൗരന്മാർ സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ഇന്ത്യയുമായുള്ള ക്രൊയേഷ്യയുടെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള ചർച്ചകൾ നടക്കും. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു.
കാനഡയുമായുള്ള ബന്ധം വീണ്ടും ഊഷ്മളമാകും
ഖലീസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്റെ വധത്തിന് പിന്നാലെ വഷളായ ഇന്ത്യ - കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിലാണ് നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കാൻ ധാരണയായത്. ഇരു രാജ്യങ്ങളും പുതിയ ഹൈകമ്മീഷണർമാരെ നിയമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കാനഡ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച
ആൽബർട്ടയിലെ കനനാസ്‌കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്. സമീപകാലത്ത് കാനഡയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് കാർണി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്. ഇന്ത്യ - കാനഡ ബന്ധങ്ങളുടെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുള്ള വഴിയെകുറിച്ചുമുള്ള തുറന്ന ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകി. പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ബഹുമാനം, പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ - കാനഡ ബന്ധത്തിന്റെ പ്രാധാന്യം നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു. ആശങ്കകളോടും സംവേദനക്ഷമതയോടുമുള്ള പരസ്പര ബഹുമാനത്തിലും, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങളിലും, വളർന്നുവരുന്ന പരസ്പര പൂരക സാമ്പത്തികവ്യവസ്ഥയിലും അധിഷ്ഠിതമായ സൃഷ്ടിപരവും സന്തുലിതവുമായ ഒരു പങ്കാളിത്തം പിന്തുടരേണ്ടതിന്റെ ആവശ്യകതയ്ക്ക് അവർ അടിവരയിട്ടു. ഇക്കാര്യത്തിൽ, ഹൈക്കമ്മിഷണർമാർ തലസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തുന്നതു മുതൽ ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി ക്രമാനുഗതവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു. വിശ്വാസം പുനർസ്ഥാപിക്കുന്നതിനും ബന്ധത്തിന്റെ ചലനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ മുതിർന്ന മന്ത്രിതല ഇടപെടലുകളോടൊപ്പം തന്നെ കർമ്മതല (വർക്കിംഗ് ലെവൽ) ഇടപെടലുകളും പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തിനും നേതാക്കൾ അടിവരയിട്ടു.
ഊർജ്ജം, ഡിജിറ്റൽ പരിവർത്തനം, നിർമ്മിതബുദ്ധി, എൽ എൻ ജി, ഭക്ഷ്യസുരക്ഷ, നിർണ്ണായക ധാതുക്കൾ, ഉന്നത വിദ്യാഭ്യാസം, ചലനക്ഷമത, വിതരണ ശൃംഖല പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഭാവിയിൽ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ - പസഫിക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പങ്കാളിത്ത താൽപ്പര്യം അവർ ആവർത്തിച്ചുറപ്പിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി ഇ പി എ) വഴിയൊരുക്കുന്നതിനായി, ആദ്യകാല പുരോഗതി വ്യാപാര കരാറി (എയർലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് - ഇ പി ടി എ) ൽ മുടങ്ങിക്കിടന്ന ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഈ കാര്യത്തിൽ കൂടുതൽ ഇടപെടുന്നതിനായി തങ്ങളുടെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും ഇരുവരും സമ്മതിച്ചു. ജി 7 ഉച്ചകോടിയിൽ ഉണ്ടായ പ്രധാന പുരോഗതിയെ അംഗീകരിച്ച ഇരുനേതാക്കളും കാലാവസ്ഥാ പ്രവർത്തനം, ഉൾച്ചേർക്കുന്ന വളർച്ച, സുസ്ഥിര വികസനം തുടങ്ങിയ ആഗോള മുൻഗണനകളിൽ ഒരുമിച്ച് ക്രിയാത്മകമായി പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയും പങ്കുവച്ചു.
ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലെ ആഴത്തിലുള്ള ബന്ധത്തിന് അടിവരയിട്ട നേതാക്കൾ ഇരു രാജ്യങ്ങളുടെയും നേട്ടത്തിനായി ജീവനുള്ള ഈ പാലം പ്രയോജനപ്പെടുത്തുന്നതിന് സമ്മതിക്കുകയും ചെയ്തു. ബന്ധം നിലനിർത്തുന്നതിന് സമ്മതിച്ച നേതാക്കൾ എത്രയും വേഗം വീണ്ടും പരസ്പരം കണ്ടുമുട്ടുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.