വ്യാപാരം ഇരട്ടിയാക്കും, പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും; മോദി - മക്രോൺ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ

Published : Jun 14, 2026, 11:51 PM IST
Narendra Modi France Visit

Synopsis

ഫ്രാൻസിലെ നീസിലുള്ള വില്ല കെറിലോസിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണും ഉഭയകക്ഷി ചർച്ച നടത്തിയത്. ഇന്ത്യ - ഫ്രാൻസ് ബന്ധം ഈ വർഷം 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത' തലത്തിലേക്ക് ഉയർത്തിയതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. 

ദില്ലി: ഇന്ത്യ - ഫ്രാൻസ് ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. ഫ്രാൻസിലെ നീസിലുള്ള വില്ല കെറിലോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോണും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യ - ഫ്രാൻസ് ബന്ധം ഈ വർഷം 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത' തലത്തിലേക്ക് ഉയർത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പശ്ചിമേഷ്യൻ, റഷ്യ - യുക്രൈൻ സംഘർഷങ്ങളടക്കം ആഗോള വിഷയങ്ങളിലും ഇരുനേതാക്കളും ആശയവിനിമയം നടത്തി.

പ്രതിരോധ സാങ്കേതികവിദ്യകളും പ്ലാറ്റ്ഫോമുകളും സംയുക്തമായി രൂപകൽപന ചെയ്യുന്നതിനും നിർമിക്കുന്നതിനും കൂടുതൽ ശ്രദ്ധ നൽകും.ബഹിരാകാശ രംഗത്ത് മനുഷ്യ ബഹിരാകാശ യാത്ര, സ്പേസ് സിറ്റുവേഷണൽ അവെയർനസ്, സ്വകാര്യ മേഖലയിലെ സഹകരണം എന്നിവ വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ആണവോർജ മേഖലയിലെ സഹകരണം വർധിപ്പിക്കാനും ചെറുകിട, അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടറുകൾ സംബന്ധിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താനും ചർച്ച നടന്നു.

ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ ഹൈ-ലെവൽ സംവിധാനം രൂപീകരിക്കാൻ ധാരണയായി. ഇന്ത്യ - യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വേഗത്തിൽ നടപ്പാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എസ്എംഇ, വ്യോമയാനം, റെയിൽവേ മേഖലകളിലെ സഹകരണം വർധിപ്പിക്കാനും കാൻപൂരിൽ എയറോനോട്ടിക്സ് നൈപുണ്യ വികസനത്തിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനും തീരുമാനിച്ചു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രംഗത്തെ സഹകരണം ശക്തമാക്കാൻ 'ഇന്നൊവേഷൻ റോഡ്മാപ്പ് 2030' സ്വീകരിക്കുകയും സംയുക്ത ഇന്ത്യ - ഫ്രാൻസ് എഐ വർക്ക് ഗ്രൂപ്പ് രൂപീകരിക്കാനും ധാരണയായി. ഫ്രാൻസിൽ യുപിഐ സേവനങ്ങൾ വ്യാപിക്കുന്നത് ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ പൗരന്മാർക്കായി ഫ്രഞ്ച് വിമാനത്താവളങ്ങളിൽ വിസാ-ഫ്രീ ട്രാൻസിറ്റ് സൗകര്യം നടപ്പാക്കിയതിന് മോദി മാക്രോണിന് നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കും വിദഗ്ധർക്കും ഇരുരാജ്യങ്ങൾക്കിടയിലെ സഞ്ചാരവും വിദ്യാഭ്യാസ യോഗ്യതകളുടെ പരസ്പര അംഗീകാരവും വർധിപ്പിക്കാനും തീരുമാനിച്ചു.

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യയിലേക്ക് തിരിച്ചു. 1993ൽ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. ബ്രാറ്റിസ്ലാവയിൽ പ്രസിഡന്റ് പെല്ലെഗ്രിനി, പ്രധാനമന്ത്രി ഫിക്കോ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. സ്ലൊവാക്യയിൽനിന്നു എവിയാനിലേക്കു തിരിക്കുന്ന മോദി ജൂൺ 16, 17 തീയതികളിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കും. 18നു പാരിസിൽ നടക്കുന്ന പരിപാടിയിൽ പ്രസിഡന്റ് മക്രോണിനൊപ്പം മോദി പങ്കെടുക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാലാവസ്ഥയുടെ കൺവെയർ ബെൽറ്റ് തകരുന്നു, അറ്റ്ലാൻറികിൽ രൂപം കൊള്ളുന്നത് ‘കോൾഡ് ബ്ലോബ്’, മൺസൂണുകളും തകരും
സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ