
ബാങ്കോക്ക്: സന്യാസിമാരുമായി ലൈംഗിക ബന്ധം പുലർത്തിയ രംഗങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മിസ് ഗോൾഫ് എന്ന പേരിൽ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കഴിഞ്ഞ് മൂന്ന് വർഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവർ തട്ടിയത്.
എൺപതിനായിരത്തിലേറെ ഫോട്ടോകളും വീഡിയോകളുമാണ് സന്യാസിമാരെ ബ്ലാക്ക് മെയിൽ ചെയ്യാനായി യുവതി ഉപയോഗിച്ചത്. ഇവ യുവതിയുടെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തായ്ലാൻഡിലെ പ്രശസ്തമായ ബുദ്ധ സന്യാസി സമൂഹത്തിൽ വലിയ രീതിയിലുള്ള അപമാനം ഉളവാക്കുന്നതാണ് നിലവിലെ സംഭവം. അടുത്ത കാലത്തായി സന്യാസിമാരുടെ പേരുകൾ ലഹരി ഇടപാടുകളിലും ലൈംഗിക ആരോപണങ്ങളിലും ഉയർന്ന് കേട്ടിരുന്നു. ജൂൺ പകുതിയോടെയാണ് സംഭവം പുറത്ത് വന്നത്. പണം തട്ടൽ ശ്രമങ്ങളേ തുടർന്ന് ഒരു മഠാധിപതി സന്യാസ സമൂഹത്തെ ഉപേക്ഷിച്ചതോടെയായിരുന്നു ഇത്.
2024 മെയ് മാസം മുതൽ ഈ മഠാധിപതിയുമായി യുവതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് തനിക്ക് കുട്ടിയുണ്ടായെന്നും കുഞ്ഞിന്റെ ചെലവിലേക്കായി 18500000 രൂപയാണ് യുവതി മഠാധിപതിയോട് ആവശ്യപ്പെട്ടത്. സമാനമായ രീതിയിൽ മറ്റ് സന്യാസിമാരും യുവതിക്ക് പണം നൽകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതായിരുന്നു യുവതി പണം തട്ടാൻ സ്വീകരിച്ചിരുന്ന രീതിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ പണത്തിൽ വലിയ തുകയും യുവതി ചൂതാട്ട കേന്ദ്രങ്ങളിൽ ചെലവിട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഈ മാസം ആദ്യമാണ് യുവതിയുടെ വീട് പൊലീസ് പരിശോധിച്ചത്. യുവതിയുടെ ഫോണിൽ നിന്നായി ബ്ലാക്ക് മെയിൽ ചെയ്യാനുപയോഗിച്ച ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പണം തട്ടൽ, കള്ളപ്പണ ഇടപാട്, തട്ടിയെടുത്ത വസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിനിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സമാനമായി വഞ്ചിക്കപ്പെട്ട സന്യാസിമാർക്ക് ബന്ധപ്പെടാനായി പൊലീസ് ഹോട്ലൈനും ആരംഭിച്ചിട്ടുണ്ട്. തായ് ബുദ്ധ സമൂഹത്തിൽ സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശ്രമങ്ങളിലെ ഇത്തരം സംഭവങ്ങളേക്കുറിച്ച് അന്വേഷണം നടക്കുമെന്നാണ് സംഘ സുപ്രീം കൗൺസിൽ വിശദമാക്കുന്നത്.
സന്യാസി ചര്യകളിൽ നിന്ന് മാറി നടക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആശ്രമ മര്യാദകൾ ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും പിഴയും അടക്കം ലഭിക്കാനുള്ള രീതിയിലുള്ള നിയമ നിർമ്മാണത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്. തായ്ലാൻഡിലെ 90 ശതമാനത്തിലേറെയും ബുദ്ധമത വിശ്വാസം പിന്തുടരുന്നവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam