ഇറാനെതിരായ സൈനിക നടപടി വലിയ തെറ്റായിപ്പോയി; യുഎസിൽ ട്രംപിനെതിരെ ജനവികാരം, സർവ്വേ ഫലം പുറത്ത്

Published : May 02, 2026, 11:16 AM IST
Donald Trump

Synopsis

അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഇറാനെതിരായ സൈനിക നടപടിക്ക് എതിരാണെന്ന് പുതിയ സർവ്വേ ഫലം. യുദ്ധം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്നും ജീവിതച്ചെലവ് വർദ്ധിപ്പിച്ചുവെന്നും സർവ്വേ വ്യക്തമാക്കുന്നു. 

വാഷിങ്ടണ്‍: അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സർവ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടൺ പോസ്റ്റ് - എബിസി- ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാൻ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകൾ ട്രംപിൻ്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്‌നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്സ് - ഇപ്സോസ് - ഫോക്സ് ന്യൂസ് എന്നിവർ നടത്തിയ സർവ്വേയിലും ജനവികാരം ട്രംപിന് എതിരായിരുന്നു. യുദ്ധം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചുവെന്നും യുഎസിലെ ജീവിതച്ചെലവ് വർദ്ധിപ്പിച്ചുവെന്നുമാണ് സർവ്വേയിൽ പങ്കെടുത്തവർ പറഞ്ഞത്.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഈ യുദ്ധം ഇതിനോടകം മിഡിൽ ഈസ്റ്റിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ആഗോള തലത്തിൽ ഊർജ്ജ വില കുതിച്ചുയരാൻ കാരണമായ യുദ്ധം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് വാഹന ഉപയോഗം കുറച്ചതായും വീട്ടുചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും സർവ്വേയിൽ പങ്കെടുത്ത പകുതിയോളം പേർ വ്യക്തമാക്കി. ഡ്രൈവിംഗ് കുറച്ചതായി 44 ശതമാനം പേരും വീട്ടുചെലവുകൾ വെട്ടിക്കുറച്ചതായി 42 ശതമാനം പേരും പറഞ്ഞു. പ്രതിവർഷം 50,000 ഡോളറിൽ താഴെ വരുമാനമുള്ളവരിൽ ഈ കണക്ക് യഥാക്രമം 56 ശതമാനമായും 59 ശതമാനമായും വർദ്ധിച്ചു.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ജനപ്രീതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സമയത്താണ് ഈ സർവ്വേ ഫലം പുറത്തുവരുന്നത്. അനാവശ്യ സംഘർഷങ്ങളിൽ നിന്ന് രാജ്യം മാറിനിൽക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് ട്രംപിന്‍റെ ഇപ്പോഴത്തെ നീക്കമെന്ന് 46 ശതമാനം പേരും അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളും വർധിച്ചു വരുന്ന ജീവിതച്ചെലവും വോട്ടർമാരെ ട്രംപ് ഭരണകൂടത്തിന് എതിരാക്കി മാറ്റുന്നതായാണ് സൂചന.

വിയറ്റ്നാം യുദ്ധം പോലെയോ 2006-ലെ ഇറാഖ് യുദ്ധം പോലെയോ ഈ യുദ്ധം ജനങ്ങൾക്കിടയിൽ അപ്രിയമായി മാറിക്കഴിഞ്ഞു. യുദ്ധം വിജയമാണോ എന്ന ചോദ്യത്തിന് 19 ശതമാനം പേർ മാത്രമാണ് അനുകൂലമായി മറുപടി നൽകിയത്. 39 ശതമാനം പേർ ഇത് പരാജയമാണെന്ന് കരുതുന്നു. ബാക്കിയുള്ളവർ കുറച്ചുകൂടി കാത്തിരിക്കണമെന്ന നിലപാടുകാരാണ്. അതേസമയം ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കിടയിൽ യുദ്ധത്തിന് ഇപ്പോഴും വലിയ പിന്തുണയുണ്ട്. 80 ശതമാനത്തോളം റിപ്പബ്ലിക്കൻ അനുയായികളും ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തെ ശരിവെക്കുന്നു. യുദ്ധം വിജയമാണോ എന്ന കാര്യത്തിൽ ഇവർക്കിടയിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും, ട്രംപിന്റെ വിദേശനയത്തെ ഇവർ പിന്തുണയ്ക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് യുദ്ധക്കപ്പൽ ഇൻഡോ-പസഫിക് മേഖലയിൽ നടുക്കടലിൽ നിശ്ചലമായി; റഡാർ സംവിധാനം പ്രവർത്തന രഹിതം, മണിക്കൂറുകൾ നീണ്ട ആശങ്ക, ഒടുവിൽ പരിഹരിച്ചു
അമേരിക്കയിൽ വിമാനാപകടം: ടെക്‌സസിലെ വനമേഖലയിൽ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ കൊല്ലപ്പെട്ടു