
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിൽ ചെറു വിമാനം തകർന്നു വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ടെക്സാസിലെ വിംബർലിക്ക് സമീപമാണ് അപകടം നടന്നത്. സെസ്ന 421സി എന്ന ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ യാത്രക്കാർ ഒരു ടൂർണമെൻ്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എന്നാണ് വിവരം.
ഓസ്റ്റിനിൽ നിന്ന് 40 മൈൽ അകലെയുള്ള വിംബർലിയിലെ വനമേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടസമയത്ത് വിമാനം അമിതവേഗതയിലായിരുന്നുവെന്നും മോശം കാലാവസ്ഥയും വെല്ലുവിളിയായെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാൽ ബ്ലാക് ബോക്സ് അടക്കം കണ്ടെത്തിയാലേ അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത വരൂ.
അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചേർന്ന് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ ലൊക്കേറ്റർ ഉപകരണം അപകടത്തിന് തൊട്ടുമുമ്പ് അപായ സന്ദേശം അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam