
വത്തിക്കാൻ: റോമിലെ ജെമല്ലി ആശുപത്രിയിൽ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരും.
വിശദ വിവരങ്ങൾ
ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്നാണ് വത്തിക്കാൻ അറിയിച്ചത്. മാർപ്പാപ്പക്ക് ഇപ്പോൾ യന്ത്രസഹായമില്ലാതെ ശ്വസിക്കാൻ കഴിയുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് രോഗാവസ്ഥ മൂർച്ഛിച്ചെങ്കിലും രണ്ട് ദിവസമായി വത്തിക്കാനിൽ നിന്നും ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് വത്തിക്കാനും ലോകമെങ്ങുമുള്ള വിശ്വാസികളും.
അതേസമയം മാർപാപ്പ അവസാനമായി നടത്തിയ രാഷ്ട്രീയ ഇടപെടൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയതാണ്. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത് മോശമായി ഭവിക്കുമെന്നുമാണ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. ചികിത്സയിൽ പ്രവേശിക്കുന്നതിന് മുമ്പ് യു എസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരെ മാർപ്പാപ്പ കടുത്ത വിമർശനം നടത്തിയത്. കുടിയേറ്റ വിരുദ്ധ പ്രചരണങ്ങൾ പാടില്ലെന്നടക്കം മാർപാപ്പ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തിയാണ്. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ ചൂണ്ടികാട്ടിയിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്നെത്തിയവരാണ് കുടിയേറ്റക്കാർ. അവരെ ബലമായി നാടുകടത്തുന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ അന്തസും അഭിമാനവും ഇല്ലാതാക്കുന്നതാണ്. ബലപ്രയോഗത്തിൽ നിർമ്മിച്ച ഏതൊരു നയവും മോശമായി ആരംഭിക്കുകയും മോശമായി അവസാനിക്കുകയും ചെയ്യുമെന്നുമാണ് മാർപാപ്പ അന്ന് ഓർമിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam