
വത്തിക്കാന്‍: പോപ്പ് പദവി ഒഴിയാൻ താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഫ്രാൻസീസ് മാർപാപ്പ. എന്നാൽ ഭാവിയിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ മാർപാപ്പ സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാനഡ സന്ദർശനത്തിന് ഒടുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്രാൻസീസ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
'സ്ഥാനമൊഴിയുന്നതിനെപ്പറ്റി ആലോചിക്കേണ്ട സാഹചര്യം വന്നേക്കാം. പോപ്പിന് മാറേണ്ടി വരുന്നതിൽ മോശമായി ഒന്നുമില്ല. വാതിൽ തുറന്നുകിടക്കുകയാണ്. ഇതുവരെ ഞാൻ ആ വാതിലിൽ മുട്ടിയിട്ടില്ല എന്നുമാത്രം'. തനിക്ക് സഭയെ സേവിക്കണമെങ്കിൽ തന്നെ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. അല്ലെങ്കിൽ മാറി നിൽക്കേണ്ടി വരുമെന്നും മാര്‍പാപ്പ സൂചിപ്പിച്ചു. 2013ലാണ് ഫ്രാൻസിസ് മാർപ്പാപ്പ പദവിയിലെത്തിയത്.
നേരത്തേയും ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങളോട് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചിരുന്നു. കാൽമുട്ട് വേദന കാരണം മാർപാപ്പ അടുത്തിടെ വീൽചെയറിൽ പൊതുവേദികളിൽ എത്തിയിരുന്നു. ചില വിദേശയാത്രകൾ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാർപാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി മാര്‍പാപ്പ രംഗത്ത് വന്നത്.
Read More : വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴ, ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഈ ആഭ്യൂഹങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കിയത്. താൻ അർബുദബാധിതനാണെന്ന വാർത്തകളും അദ്ദേഹം തള്ളി. 'മാർപാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകൾ നിർവഹിക്കാൻ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാൽ ഇതുവരെ അത്തരമൊരു ആലോചന മനസ്സിൽ വന്നിട്ടേയില്ല.' ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാൽമുട്ടിൽ ചെറിയ പൊട്ടൽ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാർപാപ്പ അന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam