
മസ്കറ്റ്: വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുൽത്താനേറ്റ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പർ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കിൽ വധുവോ വരനോ ഒരാൾ വിദേശിയാണെങ്കിലും, വിവാഹ കരാർ പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കൽ പരിശോധന.
വിവാഹത്തിന് മുൻപ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിൾ സെൽ അനീമിയ, തലസീമിയ, പകർച്ചവ്യാധികൾ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി / എയ്ഡ്സ് തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്കാരം.
ഈ തീരുമാനം ജനിതക, പാരമ്പര്യ, പകർച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
* ജനിതക രക്തരോഗങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുന്ന സാഹചര്യം കുറയ്ക്കാൻ
* കുടുംബങ്ങളുടെ ആരോഗ്യ, സാമൂഹിക, മാനസിക, സാമ്പത്തിക ഭാരങ്ങൾ ലഘൂകരിക്കാൻ
* ആരോഗ്യ സ്ഥാപനങ്ങൾക്കും രക്തബാങ്കുകൾക്കും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ
* ദമ്പതികൾക്കിടയിലും അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കുമുള്ള രോഗവ്യാപനം തടയാൻ
* ആവശ്യമായ ചികിത്സയും മുൻകരുതൽ മാർഗങ്ങളും നേരത്തേ ലഭ്യമാക്കാൻ സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിർബന്ധിതം എന്നത് പരിശോധന നടത്തേണ്ടതിന്റെ ബാധ്യത മാത്രമാണെന്നും, വിവാഹം തുടരണമോയെന്ന തീരുമാനത്തിൽ സർക്കാരോ ആരോഗ്യ വകുപ്പോ ഇടപെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിവാഹ ജീവിതത്തെയും ഭാവി തലമുറയെയും ബാധിക്കുന്ന ആരോഗ്യവിവരങ്ങൾ ദമ്പതികളെ വ്യക്തമായി അറിയിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.
സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലഭ്യമാണ്. മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്താം. ചില കേസുകളിൽ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാൽ, വിവാഹ കരാറിന് ഏറെ മുൻപ് തന്നെ പരിശോധന പൂർത്തിയാക്കാനാണ് നിർദേശം. പരിശോധനയും കൗൺസലിംഗും പൂർത്തിയായ ശേഷം മാത്രമേ വിവാഹത്തിന് മുൻപുള്ള മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് നൽകുകയുള്ളു.
ഈ സർട്ടിഫിക്കറ്റ് സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നോട്ടറി പബ്ലിക് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കും. വധുവിനും വരനും ഇലക്ട്രോണിക് പകർപ്പ് ലഭ്യമാകും. എല്ലാ മെഡിക്കൽ വിവരങ്ങളും കർശനമായ സ്വകാര്യത പാലിച്ചായിരിക്കും കൈകാര്യം ചെയ്യുക എന്നും മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്
വിവാഹത്തിന് മുൻപുള്ള പരിശോധനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു വർഷം നീണ്ട ‘Make the Start Right’ ദേശീയ ബോധവത്കരണ ക്യാമ്പയിൻ ഒമാൻ ആരോഗ്യ മന്ത്രാലയം നടപ്പാക്കിയിരുന്നു വിവാഹം ആസൂത്രണം ചെയ്യുന്ന യുവജനങ്ങളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യമിട്ട മൂന്ന് ഘട്ടങ്ങളായാണ് ഈ ക്യാമ്പയിൻ നടപ്പാക്കിയിരുന്നത്. കുടുംബാരോഗ്യ സംരക്ഷണത്തിനും സമൂഹത്തിന്റെ ഭാവി സുരക്ഷയ്ക്കുമായി ഒമാൻ സ്വീകരിക്കുന്ന ഈ തീരുമാനം, ഗൾഫ് മേഖലയിലെ ആരോഗ്യനയങ്ങളിൽ പുതിയ മാനദണ്ഡമായി മാറുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam