'ഈ കുഞ്ഞുങ്ങളെ നിങ്ങളെ ഏൽപ്പിക്കുന്നു'; മരണം മുന്നിൽക്കണ്ടു, 4 മാസം മുൻപ് അവസാന സന്ദേശം കുറിച്ചു; ആരാണ് അനസ് അൽ ഷെരീഫ്?

Published : Aug 12, 2025, 05:07 PM IST
Anas Al Sharif Al Jazeera journalist killed in Gaza

Synopsis

ആരാണ് ഹമാസ് തീവ്രവാദിയെന്ന് ഇസ്രയേൽ മുദ്ര കുത്തിയ അനസ് അൽ ഷെരീഫ്

"എന്‍റെ ഈ വാക്കുകൾ നിങ്ങളിൽ എത്തുകയാണെങ്കിൽ, എന്നെ കൊല്ലുന്നതിലും നിശബ്ദമാക്കുന്നതിലും ഇസ്രയേൽ വിജയിച്ചു എന്നറിയുക. എന്റെ കുടുംബത്തെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. എന്റെ കണ്ണിലെ കൃഷ്ണമണിയായ പ്രിയപ്പെട്ട മകൾ ഷാം, മകൻ സലാഹ്, പ്രിയപ്പെട്ട ഉമ്മ, ജീവിതസഖി ഉമ്മുസലാഹ് എന്നിവരെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. സ്വപ്നം കാണാനും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനും അവസരം നിഷേധിക്കപ്പെട്ട പലസ്തീൻ ജനതയെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സൂര്യൻ പ്രകാശിക്കുന്നതിനായി മാതൃരാജ്യത്തിന്റെയും അതിന്റെ ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകുക"- 

ഗാസയിൽ ഇസ്രയേൽ വധിച്ച അൽ ജസീറയുടെ അഞ്ച് മാധ്യമപ്രവർത്തകരിൽ ഒരാളായ അനസ് അൽ ഷെരീഫിന്‍റെ ഒസ്യത്താണിത്. നാല് മാസം മുൻപ് തയ്യാറാക്കി സഹപ്രവർത്തകരെ ഏൽപ്പിച്ച ഒസ്യത്ത്, മരണ ശേഷം അനസിന്റെ എക്സ് അകൗണ്ടിൽ തന്നെ സഹപ്രവർത്തകർ പോസ്റ്റ് ചെയ്തു. കഴിഞ്ഞ 22 മാസമായി ഗാസയുടെ കണ്ണീർ ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന അനസ്, മരണം മുന്നിൽ കണ്ടിരുന്നു എന്നാണ് ഈ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

മരണത്തിന് തൊട്ടുമുൻപ് വരെ 28കാരനായ അനസ് ഗാസയിലെ മനുഷ്യ കുരുതിയുടെ നേർച്ചിത്രം പകർത്തിക്കൊണ്ടിരുന്നു. കറസ്പോണ്ടന്‍റ് മുഹമ്മദ് റെയ്ഖ്, ക്യാമറമാന്മാരായ ഇബ്രാഹിം സഹീർ, മുഹമ്മദ് നൗഫൽ, മോഅമീൻ അലിവ എന്നിവരാണ് അനസിനൊപ്പെം കൊല്ലപ്പെട്ട മറ്റ് നാല് പേർ. ഗാസ സിറ്റിയിലെ അൽ-ഷിഫാ ആശുപത്രിക്ക് സമീപത്തെ ടെന്‍റിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടത്.

ഗാസയിലെ അൽ-അഖ്സ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ അനസ്, 2023 ഒക്ടോബർ 7-ന് ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയതു മുതൽ യുദ്ധകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഡിസംബറിൽ ഇസ്രയേൽ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടിട്ടും അനസ് ഗാസ വിടാൻ തയ്യാറായില്ല. വ്യക്തിപരമായി ഒരുപാട് യാതനകളും നഷ്ടങ്ങളുമുണ്ടായെങ്കിലും സത്യം അതേപടി റിപ്പോർട്ട് ചെയ്യും എന്നായിരുന്നു അനസിന്‍റെ പ്രതികരണം.

ഹമാസുമായി ബന്ധമുള്ള ആറ് പലസ്തീൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ് അനസ് എന്ന് 2024 ഒക്ടോബറിൽ ഇസ്രയേൽ ആരോപിച്ചു. പലസ്തീൻ മാധ്യമ പ്രവർത്തകരെ ഒരു തെളിവുമില്ലാതെ തീവ്രവാദികൾ എന്ന് മുദ്ര കുത്തുകയാണ് ഇസ്രയേലെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ് അഥവാ സിപിജെ അന്ന് പ്രതികരിക്കുകയുണ്ടായി. പിന്നാലെ അനസിന്‍റെ ജീവൻ അപകടത്തിൽ ആണെന്ന മുന്നറിയിപ്പ് സിപിജെ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നൽകി. അനസും കൂടെയുള്ളവരും ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ആശങ്ക ഗാസയിൽ ഉണ്ടായിരുന്നു. എന്നാൽ അനസിനൊപ്പം തുടരാനും ഒരുമിച്ച് മരിക്കാനും സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നുവെന്ന് പലസ്തീൻ മാധ്യമപ്രവർത്തകനായ യാസർ അൽ ബന്ന പറഞ്ഞു.

ഇസ്രയേൽ ആക്രണത്തിൽ കൊല്ലപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകനായ മുഹമ്മദ് റെയ്ഖിന് ഇസ്രയേൽ ആക്രമണത്തിൽ ഉമ്മയെ നഷ്ടമായിരുന്നു. 2024 മാർച്ചിൽ ഇസ്രയേൽ സൈന്യം അൽ-ഷിഫാ ആശുപത്രിയിൽ കടന്നു കയറിയപ്പോഴാണ് റെയ്ഖിന്‍റെ ഉമ്മ കൊല്ലപ്പെട്ടത്. രണ്ടാഴ്ചയോളം ഉമ്മയെ അന്വേഷിച്ച റെയ്ഖ് ഒടുവിൽ കണ്ടത് അഴുകിയ മൃതദേഹമാണ്. ഇസ്രയേൽ സൈന്യം അവരെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏകദേശം 270 മാധ്യമപ്രവർത്തകരാണ് കഴിഞ്ഞ 22 മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത്. ഗാസയിലെ ഇസ്രയേലിന്റെ യുദ്ധകുറ്റകൃത്യങ്ങൾ ലോകം കാണുന്നത് തടയാൻ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുകയാണെന്നാണ് ഉയരുന്ന വിമർശനം. എന്നാൽ ബാക്കിയുള്ളവരെ നിശബ്ദരാക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും അനസിന്‍റെ ശബ്ദം ഇനി അവരിലൂടെ പുറത്തുവരുമെന്നും ഗാസയിലെ മാധ്യമപ്രർത്തകർ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്