Latest Videos

വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ ഭീകരരെന്ന് വിളിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍

By Web TeamFirst Published Feb 4, 2021, 8:42 PM IST
Highlights

എല്‍ജിബിടിക്യു ചിഹ്നം പതിപ്പിച്ച മെക്കയുടെ പോസ്റ്റര്‍ ബുലുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ തൂക്കിയതോടെയാണ് സമരം രൂക്ഷമാകുന്നത്. എല്‍ജിബിടിക്യു എന്നൊന്നില്ലെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി.
 

അങ്കാറ: സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീകരാവാദികള്‍ എന്നുവിളിച്ച് തുര്‍ക്കി പ്രസിഡന്റ് റെസപ് ത്വയ്യിബ് എര്‍ദോഗാന്‍. തുര്‍ക്കി യൂണിവേഴ്‌സിറ്റിയില്‍ ഒരുമാസമായി നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരാന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെലിഹ് ബുലു എന്നയാളെ റെക്ടറാക്കി നിയമിച്ചതിനെതിരെ ഇസ്താംബുള്‍ ബൊഗാസിസി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പ്രക്ഷോഭത്തിനിറങ്ങിയത്.

മുന്‍ അക്കാദമീഷ്യനും രാഷ്ട്രീയക്കാരനുമായ ബുലു, യൂണിവേഴ്‌സിറ്റിക്ക് പുറത്തുനിന്ന് റെക്ടറാകുന്ന ആദ്യ വ്യക്തിയാണ്. ബുലുവിന്റെ നിയമനം ജനാധിപത്യ വിരുദ്ധമാണെന്ന് സമരക്കാര്‍ ആരോപിച്ചു. ബുലു രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം 250ഓളം സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭിന്നലൈംഗിക വ്യക്തികളുടെ(എല്‍ജിബിടിക്യു) ചിഹ്നം പതിപ്പിച്ച മെക്കയുടെ പോസ്റ്റര്‍ ബുലുവിന്റെ വീടിന് മുന്നില്‍ പ്രതിഷേധക്കാര്‍ തൂക്കിയതോടെയാണ് സമരം രൂക്ഷമാകുന്നത്. എല്‍ജിബിടിക്യു എന്നൊന്നില്ലെന്ന് എര്‍ദോഗാന്‍ വ്യക്തമാക്കി.

തുര്‍ക്കിക്ക് ദേശീയവും ആത്മീയവുമായ പാരമ്പര്യമുണ്ടെന്നും മുന്നോട്ടുപോകുമെന്നും പ്രസിഡന്റ് പറഞ്ഞു. റെക്ടറുടെ വീട് റെയ്ഡ് ചെയ്ത നിങ്ങള്‍ വിദ്യാര്‍ത്ഥികളോ അതോ ഭീകരവാദികളാണെയെന്നും ഭീകരവാദ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി. മെക്കയുടെ ചിത്രത്തില്‍ എല്‍ജിബിടിക്യു ചിഹ്നം പതിച്ചത് അപലപനീയമാണെന്ന് മന്ത്രി സൊലൈമാന്‍ സൊയ്‌ലു പറഞ്ഞു. വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതില്‍ യുഎസ് ആശങ്കയറിയിച്ചു.
 

click me!