പ്രഭാതഭക്ഷണത്തിന് വൻതുക സ്വീകരിച്ചെന്ന ആരോപണം; തുക തിരികെ നൽകുമെന്ന് ഫിൻലന്റ് പ്രധാനമന്ത്രി സന മരിൻ

By Web TeamFirst Published Jun 2, 2021, 3:30 PM IST
Highlights

കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ (26423 രൂപ) കൈപ്പറ്റിയെന്നാണ് ആരോപണം. 

ഹെൽസിങ്കി: ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പ്രഭാതഭക്ഷണ ചെലവിനായി അനധികൃതമായി പണമെടുത്തെന്ന ആരോപണം നേരിട്ട ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ചെലവാക്കിയ പണം മുഴുവൻ തിരികെ നൽകുമെന്ന് ഉറപ്പ് നൽകി. കേസരാന്തയിലെ ഔദ്യോഗിക വസതിയിലെ താമസത്തിനിടയ്ക്ക് കുടുംബത്തിന്‍റെ പ്രഭാത ഭക്ഷണത്തിനായി 365 ഡോളര്‍ (26423 രൂപ) പ്രതിമാസം കൈപ്പറ്റിയെന്നാണ് ആരോപണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും സന്നാ മരിൻ ഉറപ്പ് നൽകി. ഭക്ഷണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരിച്ചടക്കുമെന്നും സന്ന മരിൻ ട്വിറ്ററിൽ വ്യക്തമാക്കി. 

നിയമവിധേയമായ തുക പോലും ഭാവിയിൽ ഭക്ഷണചെലവിനായി വിനിയോ​ഗിക്കില്ലെന്നും എംടിവി3ക്ക് നൽകിയ അഭിമുഖത്തിൽ അവർ കൂട്ടിച്ചേർത്തു. അലവൻസ് നിയമാനുസൃതമാണോ എന്നും തിരിച്ചടവിൽ നികുതി നൽകേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കണമെന്ന് ഉദ്യോ​ഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ചുമതലകൾ കൂടി തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വെള്ളിയാഴ്ചയാണ് സന്ന മരിനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്തയിലെ പരാമര്‍ശങ്ങളാണ് അന്വേഷണത്തിന് കാരണമായത്. ജനങ്ങള്‍ നികുതി ആയി നല്‍കുന്ന പണത്തില്‍ നിന്ന് തുകയെടുത്ത്  പ്രധാനമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിന് ചെലവിടുന്നത് നിയമപരമായി ശരിയല്ലെന്നാണ് ഫിന്‍ലന്‍ഡിലെ നിയമ വിദഗ്ധര്‍ വിശദമാക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റത്തിലാണ് പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണം പൂര്‍ണമാകുന്നത് വരെ ഈ ആനുകൂല്യം എടുക്കില്ലെന്നും സന മരിന്‍ വിശദമാക്കിയിരുന്നു. 2019 ഡിസംബറിലാണ് സന മരിന്‍ ഫിന്‍ലന്‍ഡിന്‍റെ പ്രധാനമന്ത്രിയാവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന മരിന്‍.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!