
ലണ്ടന്‍: രാജകീയ ജീവിതം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സഹോദരൻ വില്യം രാജകുമാരന്‍ കോപാകുലനായതായി വെളിപ്പെടുത്തി ഹാരി രാജകുമാരന്‍. നെറ്റ്ഫ്ലിക്സില്‍ "ഹാരി ആന്‍റ് മേഗൻ" ഡോക്യൂമെന്‍ററിയുടെ വ്യാഴാഴ്ച വന്ന അവസാനത്തെ എപ്പിസോഡുകളിലാണ് ഈ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും രാജകീയ പദവികള്‍ ഉപേക്ഷിച്ചതിൽ തനിക്ക് ഖേദമില്ലെന്നും ഹാരി പറഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ പുകയുന്ന പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹാരി രാജകുമാരനും, ഭാര്യ മേഗനും പുതിയ എപ്പിസോഡുകളില്‍ നടത്തിയിരിക്കുന്നത്. ചെറുപ്പത്തിൽ, വില്യവും ഹാരിയും അവരുടെ അമ്മ ഡയാന രാജകുമാരിയുടെ ശവപ്പെട്ടിയുടെ പിന്നിലൂടെ ഒന്നിച്ച് നീങ്ങുന്ന ചിത്രം കാണിച്ചാണ് ഒരു എപ്പിസോഡ് തുടങ്ങിയത്. എന്നും തമ്മില്‍ താങ്ങായി നില്‍ക്കും എന്ന് ഇരുവരും വാക്ക് നല്‍കിയതാണ്. എന്നാല്‍ സസെക്‌സിലെ ഡ്യൂക്ക് ആൻഡ് ഡച്ചസ് എന്നറിയപ്പെടുന്ന ഹാരിയും ഭാര്യ മേഗനും ബ്രിട്ടണ്‍ വിട്ട് കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയതോടെ അവർ ഇപ്പോൾ സംസാരിക്കാറില്ല എന്നാണ് വിവരം.
"ഹാരി & മേഗൻ" എന്നതിന്റെ അവസാന മൂന്ന് എപ്പിസോഡുകളിൽ വിദേശത്തേക്ക് പോകാനുള്ള അവരുടെ പദ്ധതികളെക്കുറിച്ച് രാജകുടുംബത്തോട് പറഞ്ഞ 2020 ജനുവരിയിൽ ഒരു ഫാമിലി സമ്മിറ്റില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. ഇത്തരം ഒരു നിര്‍ദേശത്തോട് പ്രതികരിച്ച കുടുംബം തന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിക്ക് വേണ്ടി രാജകീയ ഉത്തരവാദിത്വങ്ങള്‍ നടപ്പിലാക്കി, കുടുംബത്തിന് അകത്തും പുറത്തുമല്ല എന്ന അവസ്ഥയില്‍ തുടരാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഒരു സാമ്പത്തിക സഹായവും നല്‍കിയില്ലെന്നും പറഞ്ഞു.
ഞങ്ങളുടെ ആവശ്യം ഒരു ചര്‍ച്ചയ്ക്കോ മറ്റോ വിഷയമാക്കാന്‍ രാജകുടുംബം ഉദ്ദേശിക്കുന്നില്ലെന്ന് അതിവേഗം തന്നെ ഇതിലൂടെ മനസിലായി. എന്‍റെ അച്ഛന്‍ ഇപ്പോള്‍ ചാൾസ് മൂന്നാമൻ രാജാവ്, സഹോദരന്‍ വില്ല്യമും അസത്യം പറയുന്നത് കേട്ട് ശരിക്കും ഞങ്ങള്‍ ഭയപ്പെട്ടുപോയി - ഹാരി തുറന്നു പറയുന്നു.
കഴിഞ്ഞ വർഷം തന്റെ മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങിനായി ഹാരി ലണ്ടനില്‍ പോയിരുന്നു. അവിടെ വീണ്ടും ഹാരിയുടെ കുടുംബത്തില്‍ നിന്നും പുറത്തുപോകാനുള്ള ശ്രമം വളരെ മോശമായി രാജകുടുംബത്തെ ചിത്രീകരിച്ചു എന്ന രീതിയില്‍ ചര്‍ച്ച ചെയ്തു. ഫിലിപ്പ് രാജകുമാരന്റെ മരണത്തിന് തൊട്ടുമുമ്പ് ഹാരിയും മേഗനും രാജകുടുംബത്തിൽ വംശീയത ആരോപിച്ച് ഓപ്ര വിൻഫ്രിക്ക് ഒരു അഭിമുഖം നൽകിയിരുന്നു.
തന്‍റെ പിതാവും സഹോദരനും ആ അഭിമുഖത്തിന്‍റെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ മേഗൻ ഞാനും കുടുംബത്തില്‍ നിന്നും അകന്ന് കഴിയും എന്നത് തീരുമാനിച്ചിരുന്നു. രാജകീയ ജീവിതവുമായി പൊരുത്തപ്പെടാനുള്ള മേഗന്റെ ബുദ്ധിമുട്ടുകൾ, ആത്മഹത്യാ ചിന്തകൾ, നെഗറ്റീവായ മാധ്യമ വാര്‍ത്തകള്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് "ഹാരി ആന്‍റ് മേഗൻ" അവസാന എപ്പിസോഡുകള്‍.
തന്‍റെ ഭാര്യയുടെ ഗർഭം അലസേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ഡെയ്‌ലി മെയിൽ പത്രമാണെന്ന് ഹാരി ആരോപിച്ചു. പിന്നീട് സ്വകാര്യത ലംഘിച്ചതിന് മേഗന്‍ ഈ പത്രത്തിനെതിരായ കേസില്‍ വിജയിച്ചു. വില്ല്യം രാജകുമാരന്‍റെ ചില ജീവനക്കാരാണ് ഹാരി മേഗന്‍ ദമ്പതികള്‍ക്കെതിരായ വ്യാജ പ്രചാരണത്തിനും, മാധ്യമ പ്രചാരണത്തിനും പിന്നില്‍ എന്നും ഹാരി ആരോപിച്ചു.
കൊട്ടാരത്തിലെ ഉപചാപകര്‍ മാധ്യമങ്ങളുമായി ഒത്തുകളിച്ച് കുടുംബത്തിലെ ഒരാളെ മറ്റൊരാളെ എതിർക്കുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നു. ഇതൊരു വൃത്തികെട്ട കളിയാണ്. വിവരങ്ങള്‍ കോട്ടരത്തില്‍ നിന്നു തന്നെ ചോരുന്നു. വ്യാജ കഥകള്‍ ഉണ്ടാക്കുന്നു. ഒരു രാജകുടുംബ അംഗത്തിന്‍റെ ജീവനക്കാര്‍ തന്നെ തമ്മില്‍ തമ്മില്‍ പാര പണിയുന്നു.
അച്ഛന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ ജീവനക്കാരും ഓഫീസും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ഞാനും സഹോദരനും കണ്ടു. അതിനാല്‍ ഞങ്ങളുടെ ഓഫീസിൽ അത് സംഭവിക്കാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഒരു കരാര്‍ ഉണ്ടാക്കി. ഞങ്ങൾ രണ്ടുപേർക്കും ഒരിക്കലും ചെയ്യില്ലെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്ത അതേ കാര്യം എന്റെ സഹോദരന്റെ ഓഫീസ് തകര്‍ത്തു എന്നത് ഹൃദയഭേദകമായിരുന്നു.
എന്‍റെ അമ്മയ്ക്ക് സംഭവിച്ചത് മേഗനും സംഭവിക്കുമോ എന്ന് ഭയപ്പെട്ടു: പ്രിന്‍സ് ഹാരി
ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഹാരിയും മേഗനും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam