
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടയിൽ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും ദീർഘദൂര കൃത്യതാ മിസൈലുകളുടെയും ശേഖരത്തിൽ വൻ കുറവ് സംഭവിച്ചതായി വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പന്റഗണിന്റെ ആന്തരിക റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ സൈന്യം തങ്ങളുടെ അത്യാധുനിക 'ഥാഡ്' (THAAD) മിസൈൽ ശേഖരത്തിന്റെ 80 ശതമാനവും (അഞ്ചിൽ നാല് ഭാഗം) പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ പകുതിയോളം ഭാഗവും ഉപയോഗിച്ചു തീർത്തെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (CSIS) കണക്കുകൂട്ടൽ അനുസരിച്ച്, ഇറാൻ യുദ്ധത്തിന് മുമ്പ് യുഎസിന്റെ പക്കൽ 2,200 പേട്രിയറ്റ് മിസൈലുകളും 452 ഥാഡ് മിസൈലുകളും ഉണ്ടായിരുന്നു. ഥാഡ് (THAAD) മിസൈലുകൾ ലഭ്യമായ ശേഖരത്തിന്റെ 80% ഉപയോഗിച്ചു തീർത്തു. പേട്രിയറ്റ് മിസൈലുകൾ ആകെ ശേഖരത്തിന്റെ 50% ചെലവഴിച്ചു. ടോമഹോക്ക് (Tomahawk) മിസൈലുകൾ ശേഖരത്തിന്റെ പകുതിയോളം ഉപയോഗിച്ചു കഴിഞ്ഞതായി സ്രോതസ്സുകൾ വ്യക്തമാക്കുന്നു. മറ്റ് ദീർഘദൂര ആയുധങ്ങൾ ആർമി ടാക്റ്റിക്കൽ മിസൈൽ സിസ്റ്റംസ് (ATACMS), പ്രെസിഷൻ സ്ട്രൈക്ക് മിസൈലുകൾ (PrSM) എന്നിവയും വൻതോതിൽ തീർന്നു.
യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശ്രയിക്കുന്ന ഗൾഫ് സഖ്യരാജ്യങ്ങൾ ആയുധക്ഷാമത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപ് സംഘർഷം കൂടുതൽ ശക്തമാക്കിയാൽ, ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടികൾ (പ്രത്യേകിച്ച് ഊർജ്ജ മേഖലകൾക്ക് നേരെയുള്ള ഡ്രോൺ/മിസൈൽ ആക്രമണങ്ങൾ) തടയാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ഈ രാജ്യങ്ങൾ ഭയപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ വൻതോതിലുള്ള ആക്രമണങ്ങൾ നടത്താൻ ട്രംപ് പദ്ധതിയിടുകയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അന്തിമ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളുമായി സംസാരിച്ചതിനും തന്ത്രപ്രധാന ആയുധങ്ങളുടെ കുറവിനെക്കുറിച്ചുള്ള മുതിർന്ന സൈനിക ഉപദേശകരുടെ മുന്നറിയിപ്പുകൾക്ക് ശേഷവും ആസൂത്രിത നീക്കങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു.
"ആത്മഘാതി ഡ്രോണുകൾ കൂട്ടത്തോടെ തുളച്ചുകയറാൻ തുടങ്ങിയാൽ ഇന്റർസെപ്റ്ററുകളുടെ കുറവ് കാരണം സാധാരണ പ്രതിരോധ നീക്കങ്ങൾ പരാജയപ്പെട്ടേക്കാം. പകരത്തിന് പകരം എന്ന രീതി ഇതിനൊരിക്കലും അവസാനമുണ്ടാക്കില്ല." എന്ന് അമേരിക്കൻ ആയുധശേഖരത്തെ കുറിച്ച് ഒരു സ്രോതസ് വെളിപ്പെടുത്തിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
പന്റഗണിന്റെയും വൈറ്റ് ഹൗസിന്റെയും പ്രതികരണം
ആയുധക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പെന്റഗൺ വക്താവ് ഷാൺ പാർനെൽ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ആവർത്തിച്ചു. പ്രസിഡന്റ് തിരഞ്ഞെടുക്കുന്ന ഏത് സമയത്തും സ്ഥലത്തും സൈനിക നീക്കം നടപ്പിലാക്കാൻ യുഎസിന് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ വിജയങ്ങളെ ചൂണ്ടിക്കാട്ടി പ്രസ്താവനയിറക്കി. അമേരിക്കൻ സൈന്യത്തിന്റെ പക്കൽ ആവശ്യത്തിന് വെടിമരുന്നുകളുണ്ടെന്നും, ലോകത്തിലെ ഏറ്റവും മികച്ച 'മെയ്ഡ് ഇൻ അമേരിക്ക' ആയുധങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് പ്രതിരോധ കരാറുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
പുനഃസ്ഥാപിക്കാൻ വർഷങ്ങളെടുക്കും
ആയുധ ഉത്പാദനം വേഗത്തിലാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, പേട്രിയറ്റ്, ഥാഡ് മിസൈലുകൾ നിർമ്മിക്കുന്നതിലെ സങ്കീർണ്ണത കാരണം മുൻ നിലയിലെത്താൻ വർഷങ്ങളെടുക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വിതരണ നിരക്ക്, പന്റഗണിന് പ്രതിമാസം ലഭിക്കുന്നത് 15 പുതിയ ടോമഹോക്കുകളും 20 പേട്രിയറ്റ് മിസൈലുകളും മാത്രമാണ്. ഥാഡ് മിസൈലുകൾ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ കുറഞ്ഞത് 3 വർഷമോ അതിൽ കൂടുതലോ സമയമെടുക്കും.
ചൈന, റഷ്യ അല്ലെങ്കിൽ ഉത്തരകൊറിയ എന്നിവരുമായി ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു വൻകിട സൈനിക ഏറ്റുമുട്ടലിനെയും നേരിടാനുള്ള യുഎസിന്റെ ശേഷിയെ ഈ ആയുധക്ഷാമം പ്രതികൂലമായി ബാധിച്ചേക്കാമെന്ന് സൈനിക വിശകലന വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam