
മഡ്രിഡ്: ജെൻ സി കുട്ടികള്‍ക്ക് ഗൗരവകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തിയില്ലെന്നും വായനയും പൊതുബോധവുമില്ലെന്നുമൊക്കെ പറഞ്ഞാണ് ചിലർ സോഷ്യൽ മീഡിയയിൽ ജെന്‍ സികളെ വിമര്‍ശിക്കുന്നത്. എന്നാല്‍ അറിഞ്ഞോളൂ സ്പെയിനിന്‍റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഒരു ജെന്‍ സി രാജകുമാരി. ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് സ്പെയിനിന്‍റെ തലപ്പത്തേക്ക് എത്തുന്ന ഈ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരി’ 150 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിക്കുക.
ഫെലിപ്പെ ആറാമൻ രാജാവിന്‍റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്‍റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്‌പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ലിയോനോർ. ഒന്നര നൂറ്റാണ്ടിന് ശേഷം സ്പെയിനിന്‍റെ സിംഹാസനത്തിലേക്ക് ഒരു വനിതാ ഭരണാധികാരി എത്തുകയാണ്. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോനോർ രാജകുമാരി സ്‌പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.
2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനോറിന് സ്പെയിൻ സിംഹാസനത്തിന്‍റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ജന്മനാ രാജപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ തന്നെ ലിയോനോറിന്‍റെ വിദ്യാഭ്യാസവും പരിശീലനങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്നു. മാഡ്രിഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്‌ലാന്‍റിക് കോളേജിൽ നിന്നാണ് ലിയോനോർ ഉപരിപഠനം പൂർത്തിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോനോറിന്റെ പഠനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്‍റാരിൻ എന്നീ ഭാഷകളിലും ലിയോനോർ പരിജ്ഞാനം നേടിയിട്ടുണ്ട്.
ചരിത്രം കുറിച്ച് സൈനിക പരിശീലനം
ഭാവിയിൽ സ്പാനിഷ് സായുധ സേനയുടെ സുപ്രീം കമാൻഡർ എന്ന പദവി കൂടി വഹിക്കേണ്ടതിനാൽ ലിയോനോർ കഠിനമായ സൈനിക പരിശീലനവും നേടിയിട്ടുണ്ട്. 2023-ൽ കരസേനയിൽ പരിശീലനം ആരംഭിച്ച രാജകുമാരി പിന്നീട് നാവികസേനയുടെ ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 17,000 മൈൽ യാത്ര ചെയ്തു. നാവിക പരിശീലനത്തിന്‍റെ ഭാഗമായി ജുവാൻ സെബാസ്റ്റ്യൻ ഡി എൽക്കാനോ എന്ന പരിശീലന കപ്പലിൽ 140 ദിവസവും 17,000 മൈലും നീണ്ട യാത്ര രാജകുമാരി പൂർത്തിയാക്കിയിരുന്നു.
2025 ഡിസംബറിൽ 'പിലാറ്റസ് PC-21' വിമാനം ഒറ്റയ്ക്ക് പറത്തി ലിയോനോർ ചരിത്രം കുറിച്ചു. ഇത്തരത്തിൽ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന സ്പാനിഷ് രാജകുടുംബത്തിലെ ആദ്യ വനിതയാണ് ലിയോനോര്‍. പതിമൂന്നാം വയസ്സില്‍ പൊതുവേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയും പതിനഞ്ചാം വയസ്സ് മുതൽ തനിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ലിയോനോര്‍ രാജകുമാരി.
തന്‍റെ 13-ാം വയസ്സിൽ 'പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ്' ചടങ്ങിൽ വെച്ച് ലിയോനോർ തന്റെ ആദ്യ ഔദ്യോഗിക പ്രസംഗം നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു. രാജകുടുംബത്തിന്റെ പാരമ്പര്യവും തന്റെ അമ്മയും മുൻ മാധ്യമ പ്രവർത്തകയുമായ ലെറ്റീസിയ രാജ്ഞിയുടെ ആധുനിക കാഴ്ചപ്പാടുകളും ഒത്തിണങ്ങിയ വ്യക്തിത്വമാണ് ലിയോനോറുടേത്. ജെൻ സി തലമുറയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാജകുടുംബാംഗമായി ലിയോണർ മാറിക്കഴിഞ്ഞു. നിലവിൽ തന്റെ ഔദ്യോഗിക ചുമതലകൾക്കൊപ്പം തന്നെ സ്വകാര്യത കാത്തുസൂക്ഷിക്കാനും ലിയോനോർ ശ്രദ്ധിക്കുന്നുണ്ട്.
ലിയോനോറിന്റെ അനിയത്തി ഇൻഫാന്റ സോഫിയ 2007-ലാണ് ജനിച്ചത്. ഫെലിപ്പെ രാജാവ് സ്ഥാനം ഒഴിയുമ്പോഴോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമോ ലിയോണർ സ്പെയിനിന്റെ രാജ്ഞിയായി കിരീടധാരണം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam