ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോൺ, കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്

Published : Oct 19, 2026, 09:00 AM IST
France Protest News

Synopsis

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഫ്രാൻസിന് പിന്നാലെ ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധ റാലികൾ അരങ്ങേറി. ഇറ്റലിയിൽ വ്യാപക സംഘർഷം ഉണ്ടായി.

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികൾ. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നാണ് ട്രംപിൻ്റെ പ്രതികരണം.

ജീവിതച്ചെലവുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിന്‍റെയും പേരിൽ ഫ്രാൻസിൽ ആളിക്കത്തുന്ന പ്രതിഷേധം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുകയാണ്. ഇന്നലെ ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും സർക്കാർ വിരുദ്ധറാലികൾ നടന്നു.

ഇറ്റലിയിലെ മിലാനിൽ വർധിച്ചുവരുന്ന നിത്യച്ചെലവുകൾക്കെതിരെയും കുറഞ്ഞ വേതനത്തിനെതിരെയും ഇറ്റാലിയ ഇൻ പിയാസ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ മാർച്ചാണ് ഒടുവിൽ അക്രമാസക്തമായത്. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നിരവധി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് തടങ്കലിലാക്കി.

പോർച്ചുഗലിലെ ലിസ്ബണിൽ ഭവന ലഭ്യതക്കുറവിനും കുറഞ്ഞ ശമ്പളത്തിനുമെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. റോസിയോ സ്ക്വയറിൽ പ്രതിഷേധക്കാർ തമ്പടിച്ച് ടെന്റുകൾ സ്ഥാപിച്ച് സമരം ചെയ്യുകയാണ്. നികുതി അടയ്ക്കുന്ന സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് എന്ന അവകാശം പോലും ഇല്ലാതാകുകയാണെന്ന് സമരക്കാർ ആരോപിക്കുന്നു. മെച്ചപ്പെട്ട ശമ്പളവും പെൻഷനും കുറഞ്ഞ വാടകയുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ബെൽജിയം സർക്കാർ പൊതുകടം കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ബജറ്റ് വെട്ടിച്ചുറയ്ക്കലുകൾക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമെതിരെ തൊഴിലാളി യൂണിയനുകളും വിദ്യാർത്ഥികളുമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അൽബേനിയയിൽ സർവകലാശാലകളിലെ മോശം സാഹചര്യങ്ങൾ, ഉയർന്ന പഠനച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച സമരം ഇപ്പോൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന വലിയൊരു ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.

ഫ്രാൻസിൽ ചരിത്രസ്മാരകങ്ങൾ അടക്കം സമരക്കാർ തീയിട്ട് നശിപ്പിക്കുകയും കൂട്ടക്കൊള്ളയും അക്രമവും അഴിച്ചുവിടുകയും ചെയ്യുമ്പോൾ, ശക്തമായ നടപടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ. യുദ്ധത്തിന് പിന്നാലെ കുതിച്ചുയരുന്ന ഇന്ധനവിലയും ജീവിതച്ചെലവും ഈ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ടാകാം എന്നാണ് അക്രമം തുടങ്ങിയ ശേഷം ആദ്യമായി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ മക്രോൺ പറഞ്ഞത്. അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും മക്രോൺ പറഞ്ഞു.

ഫ്രാൻസിൽ കഴിഞ്ഞ ദിവസം ലക്ഷങ്ങൾ പങ്കെടുത്ത പ്രതിഷേധങ്ങളിൽ കടകൾ കൊള്ളയടിക്കപ്പെടുകയും പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തു. ലിമോഗ്സിലെ 143 വർഷം പഴക്കമുള്ള ഒരു ചരിത്രസ്മാരകം തീവെച്ചു നശിപ്പിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസിലുടനീളം 1,800ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പാരീസിൽ മാത്രം 855 പേർ കസ്റ്റഡിയിലായി. അതിനിടെ, കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നും ഇത് അമേരിക്കയിൽ സംഭവിക്കാതിരിക്കാൻ അതിർത്തികൾ അടച്ചുപൂട്ടണം എന്നുമാണ് ട്രംപിൻ്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി; ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി
ഫ്രാൻസിൽ കലാപം പടരുന്നതിനിടെ ടെലിവിഷനിലൂടെ രാജ്യത്തോട് സംസാരിച്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ: 'അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി'