
പാക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം. കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. പാകിസ്ഥാൻ സർക്കാരിനെതിരെയാണ് പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം നടക്കുന്നത്. ബാഗ് ജില്ലയിലെ ധീർകോട്ട് എന്ന സ്ഥലത്ത് നാല് പേരും മുസഫറാബാദിലും മിർപൂരിലും രണ്ട് പേർ വീതവും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. 200-ൽ അധികം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറുകളായി പ്രതിഷേധം തുടരുകയാണ്. മാർക്കറ്റുകളും കടകളും പൂർണമായും അടച്ചിടുകയും ഗതാഗതം നിർത്തിവെക്കുകയും ചെയ്തു.
പ്രതിഷേധക്കാർ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. മുസഫറാബാദിലേക്കുള്ള മാർച്ച് തടയാനായി പാലങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. മുസഫറാബാദിലെ മരണങ്ങൾക്ക് കാരണം പാക് റേഞ്ചേഴ്സ് വെടിവെച്ചതാണെന്നും മറ്റ് സ്ഥലങ്ങളിലെ മരണങ്ങൾക്ക് കാരണം പാക് സുരക്ഷാ സേന സാധാരണക്കാർക്ക് നേരെ നടത്തിയ കനത്ത ഷെല്ലാക്രമണമാണെന്നും ജെഎഎസി കുറ്റപ്പെടുത്തി.
മുസഫറാബാദിലേക്കുള്ള മാർച്ച് തുടരുന്ന പ്രതിഷേധക്കാർക്ക് 38 ആവശ്യങ്ങൾ ഉണ്ട്. പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരികൾക്കായി പിഒകെ അസംബ്ലിയിൽ സംവരണം ചെയ്ത 12 സീറ്റുകൾ നിർത്തലാക്കണമെന്ന ആവശ്യവും ഉൾപ്പെടുന്നു- "ഞങ്ങളുടെ ആളുകൾക്ക് 70 വർഷത്തിലേറെയായി നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടിയുള്ളതാണ് ഞങ്ങളുടെ പ്രചാരണം. ഒന്നുകിൽ അവകാശങ്ങൾ നൽകുക, അല്ലെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടുക," ജെഎഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
ഈ സമരം പ്ലാൻ എ ആണെന്നും, ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും നവാസ് മിർ പറഞ്ഞു. ജെഎഎസിക്ക് മറ്റു പ്ലാനുകളും ഒരു കടുത്ത പ്ലാൻ ഡിയും ഉണ്ടെന്ന് പാക് പ്രധാനമന്ത്രിക്ക് മിർ മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും ജെഎഎസി ആവശ്യപ്പെട്ടു.