
വാഷിങ്ടൺ: അമേരിക്കയിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതോടെ വൈകാരികമായ യാത്രപറച്ചിലുമായി ഇന്ത്യൻ യുവതിയുടെ വീഡിയോ. അനന്യ ജോഷി എന്ന ഇന്ത്യക്കാരി കണ്ണീരോടെ യാത്ര പറഞ്ഞ് മറ്റൊരു രാജ്യത്തേക്ക് പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ ജോലിക്കായി താൻ ശ്രമിച്ചെങ്കിലും ഒന്നും ശരിയാകാത്തതിനെത്തുടർന്ന് അനന്യ ജോഷി അമേരിക്ക വിടാൻ തീരുമാനിക്കുകയായിരുന്നു. യുവതി തന്നെയാണ് കണ്ണീരോടെ അമേരിക്കയോട് വിടപറയുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
സെപ്റ്റംബർ 29 നാണ് യുഎസിൽ നിന്നും മടങ്ങുന്ന വീഡിയോ അനന്യ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. അമേരിക്ക തന്റെ ആദ്യവീടായിരുന്നുവെന്ന് അനന്യ പറയുന്നു. കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും യാഥാർത്ഥ്യം അംഗീകരിക്കുന്നുവെന്നും അനന്യ ഇൻസ്റ്റയിൽ കുറിച്ചു. അമേരിക്ക വിടുന്നുവെന്നത് വൈകാരികമായ ആഘാതമാണ് ഉണ്ടാക്കുന്നത്. ഇതിനെ നേരിടാൻ തനിക്ക് സാധിക്കില്ലെന്നും, ഇത്രയും നാൾ അമേരിക്കയിൽ ലഭിച്ച അവസരങ്ങൾക്ക് നന്ദി പറയുന്നതായും അനന്യ ജോഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹ്രസ്വകാലമാണെങ്കിലും, നിങ്ങൾ എനിക്ക് നൽകിയ ജീവിതത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു, ഐ ലവ് യു അമേരിക്ക- എന്ന വാചകങ്ങളോടെയാണ് അനന്യയുടെ കുറിപ്പ്.