
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മില്‍ നിര്‍ണായക ഫോണ്‍ സംഭാഷണം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ദിനത്തില്‍ നടന്ന ഈ ഫോണ്‍ സംഭാഷണം ഏകദേശം 90 മിനിറ്റോളം നീണ്ടുനിന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
തുര്‍ക്കിയില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന നിര്‍ണായക നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ഈ നീക്കം. ഉക്രൈന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആവശ്യമായ രാഷ്ട്രീയ-നയതന്ത്ര ഇടപെടലുകള്‍ക്ക് താന്‍ സന്നദ്ധനാണെന്ന് ട്രംപ് ആവര്‍ത്തിച്ചതായി മോസ്‌കോ വ്യക്തമാക്കി. ഈ വര്‍ഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന നാലാമത്തെ ഫോണ്‍ സംഭാഷണമാണിത്. അമേരിക്കന്‍ ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന പുടിന്‍, യുദ്ധഭൂമിയില്‍ റഷ്യന്‍ സൈന്യം മുന്നേറുകയാണെന്ന് ട്രംപിനെ ധരിപ്പിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പുടിനുമായി സംസാരിക്കുന്നതിന് തൊട്ടുമുമ്പ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ട്രംപുമായുള്ള സംഭാഷണം ആശാവഹമായിരുന്നു എന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് പൂര്‍ണ്ണമായും പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് റഷ്യ ആവര്‍ത്തിച്ചു. ഡോനെറ്റ്‌സ്‌കിലെ തന്ത്രപ്രധാന നഗരമായ കൊസ്റ്റിയാന്റിനിവ്ക തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി റഷ്യ അവകാശപ്പെട്ടു. എന്നാല്‍ ഇത് റഷ്യയുടെ വ്യാജപ്രചാരണം മാത്രമാണെന്ന് യുക്രൈന്‍ സൈന്യവും പ്രസിഡന്റ് സെലന്‍സ്‌കിയും തിരിച്ചടിച്ചു. യുക്രൈന്‍ സൈനികര്‍ ശക്തമായി തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.
നാറ്റോ സഖ്യസേനയ്ക്കുള്ള തങ്ങളുടെ വിഹിതവും സൈനിക പങ്കാളിത്തവും പുനഃക്രമീകരിക്കുമെന്ന് അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കരുതെന്ന ട്രംപിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടി നടക്കുന്നത്.
നയതന്ത്ര ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും റഷ്യന്‍ ഇന്ധന ശൃംഖലകള്‍ക്ക് നേരെ ഉക്രൈന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ റഷ്യന്‍ ഓയില്‍ ടെര്‍മിനലിന് നേരെ യുക്രൈന്‍ വിജയകരമായി ആക്രമണം നടത്തി. ഒരു മാസത്തിനിടെ റഷ്യയുടെ എട്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ തകര്‍ത്ത യുക്രൈന്‍, റഷ്യന്‍ അധീനതയിലുള്ള ക്രിമിയയിലെ വൈദ്യുതി വിതരണവും വലിയ രീതിയില്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam