ഞായറാഴ്ച വൈകിട്ടോടെയാണ് നെഗോംബോ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജയിലിൽ കഴിയുന്ന രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ അംഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇത് പിന്നീട് വ്യാപിക്കുകയും വൻസംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
കൊളംബോ: ശ്രീലങ്കയിലെ ജയിലിലുണ്ടായ വൻ സംഘർഷത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 25 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിലെ നെഗോംബോ ജയിലിലാണ് സംഭവം.
ഞായറാഴ്ച വൈകിട്ടോടെയാണ് നെഗോംബോ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജയിലിൽ കഴിയുന്ന രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ അംഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇത് പിന്നീട് വ്യാപിക്കുകയും വൻസംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ പ്രധാനജയിലിനോട് ചേർന്നുള്ള വനിതാ ജയിലിലെ തടവുകാരും സംഘടിച്ചു. തുടർന്ന് വനിതാ ജയിലിലെ തടവുകാർ ജയിൽകെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തടവുകാർ കൂട്ടത്തോടെ കയറിയതോടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണതായും അപകടത്തിൽ ചില വനിതാ തടവുകാർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. ഇതുവരെ 23 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി ആശുപത്രി ഡയറക്ടർ പുഷ്പ ഗാംലത് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതിൽ സുരക്ഷാ ഉദ്യോഗസ്ഥരും തടവുകാരുമുണ്ട്. ചിലർക്ക് വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളതെന്നും മറ്റുചിലർക്ക് ആഴത്തിൽ മുറിവുകളുണ്ടെന്നും ആശുപത്രി ഡയറക്ടർ പ്രതികരിച്ചു.
ജയിലിൽ സംഘർഷം രൂക്ഷമായതോടെ പൊലീസ് കമാൻഡോകളെ ജയിലിന് പുറത്ത് വിന്യസിച്ചിരുന്നു. എന്നാൽ, കമാൻഡോകൾ ജയിലിനകത്തേക്ക് കയറിയില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കാനായി വ്യോമസേനയുടെ ഹെലികോപ്റ്ററും ഡ്രോണുകളും സ്ഥലത്തുണ്ട്.
അതിനിടെ, ജയിലിൽ സംഘർഷമുണ്ടായെന്ന വിവരം പുറത്തറിഞ്ഞതോടെ തടവുകാരുടെ ബന്ധുക്കളും ജയിലിന് മുന്നിൽ തടിച്ചുകൂടി. ജയിലിനുള്ളിൽനിന്ന് നിരന്തരം വെടിയൊച്ചകൾ കേട്ടതായി നാട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞു.


