കരിപ്പൂര്‍ വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍

By Web TeamFirst Published Aug 8, 2020, 10:13 PM IST
Highlights

വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധു മിത്രാദികളോട് അനുശോചനവും പിന്തുണയും അറിയിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് സന്ദേശത്തില്‍ അറിയിക്കുന്നു. 

മോസ്കോ: കരിപ്പൂര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തില്‍ സംഭവിച്ച വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ലഡമിര്‍ പുടിന്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് അയച്ച സന്ദേശത്തിലൂടെയാണ് റഷ്യന്‍ പ്രസിഡന്‍റ് അനുശോചനം രേഖപ്പെടുത്തിയത്.

വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധു മിത്രാദികളോട് അനുശോചനവും പിന്തുണയും അറിയിക്കുന്നതായി റഷ്യന്‍ പ്രസിഡന്‍റ് സന്ദേശത്തില്‍ അറിയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ ഏത്രയും വേഗം സുഖപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കട്ടെയെന്നും റഷ്യന്‍ പ്രസിഡന്‍റ് ആശംസിച്ചു. 

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

അസുഖം ബാധിച്ച് മരിച്ച ഒരു പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതർ മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടക്കം 18 പേരാണ് കരിപ്പൂരിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചു. 

click me!