റഷ്യയിൽ നിന്നൊരു നിർണായക ഫോൺ കോൾ, ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ നേരിട്ടിറങ്ങി പുടിൻ, ഇറാൻ പ്രസിഡന്‍റിനോട് ചർച്ച നടത്തി; മധ്യസ്ഥത വഹിക്കാം

Published : Apr 12, 2026, 06:48 PM ISTUpdated : Apr 12, 2026, 07:39 PM IST
putin

Synopsis

അമേരിക്ക-ഇറാൻ ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തി. ഇറാൻ പ്രസിഡന്റുമായി സംസാരിച്ച പുടിൻ, പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിൽ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കം നിർണായകമാണ്.

മോസ്കോ: ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അമേരിക്ക - ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമത്തിന് നേരിട്ടിറങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം, സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥ ശ്രമം ഇറാൻ - അമേരിക്ക സംഘർഷത്തിൽ നിർണായകമായേക്കും. എന്നാൽ ഇറാനും അമേരിക്കയും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. പ്രത്യേകിച്ചും ലോകം ഉറ്റുനോക്കിയ ഇസ്ലാമാബാദിലെ മാരത്തൺ ചർച്ച പരാജയപ്പെട്ടതിൽ പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും റഷ്യൻ നീക്കത്തോട് സഹകരിക്കുമോ എന്നതും കാത്തിരുന്ന് കാണാം.

പരസ്പരം പഴിചാരി ഇറാനും അമേരിക്കയും

ആണവ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ തയാറായില്ലെന്നാണ് അമേരിക്കൻ സംഘത്തെ നയിച്ച വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് പറഞ്ഞത്. ചർച്ചകളിൽ തുടക്കം മുതൽ വിശ്വാസ്യത ഉണ്ടായിരുന്നില്ലെന്നാണ് ഇറാൻ സംഘത്തെ നയിച്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയത്. ഇതോടെ ഉത്സവാന്തരീക്ഷത്തിൽ നിന്ന ഇസ്ലാമാബാദ് പൊടുന്നനെ മൂകമായി. ഇത് അവസാനത്തെയും മികച്ചതുമായ ഓഫറെന്ന വാക്കുകൾ ഇറാന് മുന്നിൽ വെച്ച് അമേരിക്കൻ സംഘം ധൃതിയിൽ പാകിസ്ഥാൻ വിടുകയും ചെയ്തു. ആണവ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ തയാറായില്ലെന്നും വാൻസ് പറഞ്ഞു. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത അമേരിക്കയ്ക്ക് ഈ ചർച്ചയിലും വിശ്വാസം നേടാൻ കഴിഞ്ഞില്ലെന്ന് ഗാലിബാഫിന്റെ മറുപടി. ഹോർമൂസ് തുറക്കാൻ ഇറാൻ തയാറാകാത്തതും ലബനനിൽ വെടിനിർത്തലിലെ ഉറപ്പുകളില്ലാത്തതും തിരിച്ചടിയായെന്നാണ് സൂചനകൾ. ആണവ പദ്ധതി പാടെ ഉപേക്ഷിക്കുക നടപ്പില്ലെന്ന് ഇറാന്‍റെ മുൻപേയുള്ള നിലപാടാണ്. വെടിനിർത്തൽ സമയപരിധി ഇനിയും നിലനിൽക്കെ ഇനിയും അവസരമുണ്ടെന്നും കരുതുന്നു. ശ്രമം തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക കരയാക്രമണം നടത്തുമോ എന്ന ആശങ്ക ചർച്ച പരാജയപ്പെട്ടതോടെ സജീവമായി. ഒപ്പം ഹോർമൂസിലെ പ്രതിസന്ധി കടുത്തു. മേഖലയിൽ സുപ്രധാന നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇന്നലെ 2 അമേരിക്കൻ പടക്കപ്പലുകൾ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യാൻ ശ്രമിച്ചു പിൻവാങ്ങി. പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായി വൻ വ്യോമസേനാ സന്നാഹവും സൈന്യവും പാക്കിസ്ഥാൻ സൗദിയിലേക്കയച്ചു. ഇതിനിടെ ഇറാനോടും പ്രോക്സികളോടും യുദ്ധം തുടരുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി മേഖലയിലെ സംഘർഷ സാഹചര്യങ്ങളും പരസ്പര ബന്ധവും യു എ ഇ പ്രസിഡണ്ട്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ചർച്ച ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചർച്ച കഴി‌ഞ്ഞതോടെ നടുക്കുന്ന പ്രഖ്യാപനവുമായി ട്രംപ്, കപ്പലുകൾ ഇനി അമേരിക്ക തടയും; ഹോർമുസിൽ കനത്ത പ്രതിസന്ധി, യുഎസ് നേവി ഇറങ്ങുന്നു
കടത്തിൽ മുങ്ങിത്താഴുന്ന പാകിസ്ഥാന് കച്ചിത്തുരുമ്പ്, 5 ബില്യൺ ഡോളർ സഹായം വരുന്നു; സൗദിയും ഖത്തറും സാമ്പത്തിക സഹായം നൽകും