
ദില്ലി: യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് വിമർശിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ. എന്നാൽ യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധം ചെയ്യാൻ റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയത്തിൻ്റെയും ആവശ്യമില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ ഡോണൾഡ് ട്രംപിൻ്റെ ശ്രമങ്ങൾക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ തടസം നിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് അംഗീകരിക്കാനാവാത്തതാണ്. യൂറോപ്പ് മുന്നോട്ട് വെച്ച സമാധാന നിർദേശങ്ങൾ റഷ്യക്ക് സ്വീകാര്യമല്ല. സമാധാനം ഇനിയും അകലെയാണെന്ന് സെലൻസ്കിയുടെ യൂറോപ്യൻ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പുടിൻ പറഞ്ഞു.
യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ച ഫലപ്രദമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നെർ എന്നിവരുമായി പുടിൻ നടത്തിയ ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടു. യുക്രൈൻ്റെ ഭൂമി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് യോഗത്തിൽ ധാരണയായില്ല. അമേരിക്കയുടെ ചില നിർദേശങ്ങൾ സ്വീകാര്യമെന്ന് റഷ്യ വ്യക്തമാക്കി. ചിലത് അംഗീകരിക്കാനാവില്ലെന്നും റഷ്യൻ വക്താവ് യൂറി യൂഷക്കോവ് പ്രതികരിച്ചു. ഇനിയും ഏറെ കാര്യങ്ങളിൽ ധാരണയിലെത്താനുണ്ട്. പുടിൻ - ട്രംപ് കൂടിക്കാഴ്ച ഉടൻ നടക്കില്ലെന്നും റഷ്യൻ വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam