
ഖത്തർ സിറ്റി: ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ'യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ എയർവേസ് സർവ്വീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാൻ ആക്രമണം നടത്തിയത്. ഖത്തർ വ്യോമഗതാഗതം തുറന്നതിന് പിന്നാലെ കുവൈറ്റും വ്യോമഗതാഗതം പുനസ്ഥാപിച്ചു.
കുവൈറ്റ് വ്യോമഗതാഗതം പുനസ്ഥാപിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. പ്രസക്തമായ അധികാരികളുമായുള്ള ഏകോപനത്തിന്റെയും പ്രസക്തമായ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ, വ്യോമമേഖല വീണ്ടും തുറക്കാനും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം സാധാരണ നിലയിലാക്കാനും തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കുവൈറ്റ് വ്യോമമേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ പ്രതിബദ്ധത ഈ തീരുമാനം സ്ഥിരീകരിക്കുന്നു, കൂടാതെ ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ അധികാരികളുമായി സഹകരിച്ച് പ്രത്യേക ടീമുകൾ നടത്തിയ കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതിനിടെ ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എല്ലാ മുന്നറിയിപ്പും നൽകിയിട്ട് ആളൊഴിഞ്ഞ വ്യോമ താവളത്തിൽ ബോംബ് ഇട്ട് പോന്നു എന്നാണ് ഇറാന്‍റെ തിരിച്ചടിയെക്കുറിച്ച് ട്രംപ് അഭിപ്രായപ്പെട്ടത്. ഇറാൻ ആക്രമണം ദുർബലമെന്നും ഇറാൻ നേരത്തെ വിവരം നൽകിയെന്നും യു എസ് പ്രസിഡന്‍റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിലെ സൈനിക താവളത്തിലേക്ക് ഇറാന്‍റെ 14 മിസൈൽ വന്നു, അതിൽ 13 ഉം വീഴ്ത്തിയെന്നും ഒരെണ്ണം ദിശ തെറ്റി എങ്ങോട്ട് പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍റെ തിരിച്ചടിയിൽ ആർക്കും പരിക്കില്ല, നാശനഷ്ടമില്ലെന്നും ട്രംപ് പരിഹസിച്ചു. ഖത്തറിന്റെ സഹായത്തോടെ തടിയൂരിയെന്ന പരിഹാസവും ഇറാനെതിരെ അമേരിക്കൻ പ്രസിഡന്‍റ് മുന്നോട്ടുവച്ചു. ഇറാന്‍റെ ബോംബ് വീഴാൻ അനുവദിച്ച ഖത്തറിനും നന്ദി പറഞ്ഞ് ട്രംപ്, ഖത്തർ പൗരന്മാർക്കും പരിക്കില്ലെന്നതടക്കം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു 'ബഷാരത് അൽ ഫത്തേ' ഓപ്പറേഷനെ പരിഹസിച്ചത്. ഖത്തർ ഭരണാധികാരിക്ക് നന്ദി പറഞ്ഞ ട്രംപ്, മേഖലയിലെ സമാധാനത്തിനായി ചെയ്ത എല്ലാറ്റിനും നന്ദിയെന്നും വിവരിച്ചു. ഇനി ഇറാനും ഇസ്രായേലിനും സമാധാനം ആകാമെന്നും പശ്ചിമേഷ്യയിലെ ആശങ്ക ഒഴിയുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam