
ദോഹ: ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ഖത്തർ - അമേരിക്ക ബോയിങ് ഡീൽ യഥാർഥ്യമായി. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിതെന്ന് ട്രംപ് പറഞ്ഞു. കരാർ അനുസരിച്ച് അമേരിക്കയിൽ നിന്ന് ഖത്തർ 160 ബോയിങ് വിമാനങ്ങൾ വാങ്ങും. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാറും അമേരിക്ക ഒപ്പിട്ടു. ഖത്തർ അമീറുമായി ഉള്ള കൂടിക്കാഴ്ചയിൽ ‘ഇറാൻ ഡീൽ’ നടപ്പാകും എന്നും ട്രംപ് സൂചിപ്പിച്ചു.
ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേഴ്സാണ് അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങുമായി 160 വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലായിരുന്നു ഇത്. ബോയിങ് സിഇഒ കെല്ലി ഒട്ബെർഗും ഖത്തർ എയർവേയ്സ് സിഇഒ ബദർ മുഹമ്മദ് അൽ മീറുമാണ് രണ്ട് രാഷ്ട്രത്തലവന്മാരുടെയും സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പു വെച്ചത്.
200 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് 160 ബോയിങ് വിമാനങ്ങളാണ് ഖത്തർ എയർവേയ്സ് വാങ്ങുന്നത്. ബോയിങ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. ബോയിങിന്റെ ഏത് തരം വിമാനങ്ങളായിരിക്കും ഖത്തർ എയർവേയ്സ് വാങ്ങുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ബോയിങും ഖത്തർ എയർവേയ്സും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം