ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ വധത്തെ തുടർന്ന് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇസ്ലാമാബാദിലെ എംബസിയിലും മറ്റ് കോൺസുലേറ്റുകളിലും അമേരിക്ക വിസ സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇസ്ലാമാബാദ്: ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻ പ്രതിഷേധത്തെ തുടർന്ന് കടുത്ത നടപടിയുമായി അമേരിക്ക. ഇസ്ലാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സർവീസുകളും അമേരിക്കൻ സിറ്റിസൺ സർവീസസ് അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കി.
രാജ്യത്തെ അമേരിക്കയുടെ കോൺസുലേറ്റുകൾക്കും എംബസികൾക്കും നേരെയുണ്ടായ ആക്രമണത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. അനിശ്ചിതകാലത്തേക്കാണ് തീരുമാനം. രാജ്യമാകെ അമേരിക്കയ്ക്ക് എതിരെ ഉയരുന്ന പ്രതിഷേധങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പാക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഖമനെയിയുടെ വധത്തിന് പിന്നാലെ രാജ്യമാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പാകിസ്ഥാനിൽ 23 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ പത്ത് പേർ കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ നടന്ന വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. പാക് അധീന ഗിൽജിത്ത് - ബാൾടിസ്ഥാനിൽ സ്‌കർദു ജില്ലയിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലും പണ്ട് പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭ ഏജൻസികളുടെ സ്‌കർദുവിലെയും ഗിൽജിത്തിലെയും ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു.


