
ടെൽ അവീവ്: അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, ആരോപണം ഖത്തറിന് നേരെ തിരിച്ചുവിട്ട് ബെഞ്ചമിൻ നെതന്യാഹു ഉൾപ്പടെ ഇസ്രയേൽ രാഷ്ട്രീയ നേതാക്കൾ. അറബ് പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ഖത്തർ സന്ദർശിച്ചുവെന്നത് ഉൾപ്പടെയാണ് ആയുധമാക്കി, തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്നാണ് ആരോപണം. എന്നാൽ ഇതിന് ശക്തമായ മറുപടിയുമായി ഖത്തറും രംഗത്തെത്തി. വിഡ്ഢിത്തവും അപകടവും നിറഞ്ഞ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു ഖത്തറിന്‍റെ തിരിച്ചടി. നെതന്യാഹു ഉൾപ്പടെയുള്ള ഇസ്രയേൽ രാഷ്ട്രീയ നേതാക്കൾ ഈ വിവാദമുണ്ടാക്കുന്നത് പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
അതേസമയം സമയം ആർക്കും വ്യക്തമായ മേധാവിത്തമില്ലാത്ത തെരഞ്ഞെടുപ്പ് ഫലവും ഒപ്പം അറബ് പാർട്ടികളുടെ മുന്നേറ്റവും. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് വോട്ടെണ്ണി തീരും മുന്നെ തന്നെ നെതന്യാഹു അടക്കമുള്ള ഇസ്രയേൽ നേതാക്കൾ പ്രചാരണം തുടങ്ങിയിരുന്നു. അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാല് ദിവസം മുൻപ് ഖത്തർ സന്ദർശിച്ചു എന്നതുൾപ്പടെ കാട്ടിയാണ് വിവാദം. തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ, തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ തട്ടിയെടുത്തെന്ന് നെതന്യാഹു ഉൾപ്പടെ ഇന്നലെത്തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കടുത്ത പ്രചാരണവുമായി നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു ഉൾപ്പടെ രംഗത്തുണ്ട്. ആരോപണം നിഷേധിച്ച് ഖത്തർ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ഇസ്രയേലിൽ തെരഞ്ഞെടുപ്പിൽ ഇടപെടുകയോ ഫണ്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന്, ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ വ്യക്തമാക്കി. ഖത്തറിനെതിരെ സംഘടിതമായി വ്യാജ പ്രചാരണം നടത്തുകയാണെന്നു ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. പ്രചാരണം വിഡ്ഢിത്തവും അപകടവും നിറഞ്ഞതാണെന്ന് ഡോ. മാജിദ് അൻസാരി തിരിച്ചടിച്ചു. ഒരു പ്രചാരണത്തിനും മേഖലയിലെ തങ്ങളുടെ സമാധാന ദൗത്യങ്ങളിൽ നിന്ന് പിന്തിരിക്കാനാവില്ലെന്നും ഖത്തർ പ്രതികരിച്ചു.
അതേസമയം ലോകം ഉറ്റുനോക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിയപ്പോൾ ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് സഖ്യം 53 സീറ്റുമായി മുന്നിലാണ്. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുണ്ട്. 120 അംഗങ്ങളുള്ള നെസറ്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. ആര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ നിലപാടാണ് ഇനി നിർണായകം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam