
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിന പരേഡിൽ പാകിസ്ഥാന്റെ കള്ളപ്രചാരണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ വ്യോമസേന. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ട റാഫേൽ യുദ്ധവിമാനം BS 022 കർത്തവ്യപഥിലെ ആകാശത്ത് വിസ്മയം തീർത്തു. റാഫേൽ വിമാനങ്ങളും S-400 മിസൈൽ പ്രതിരോധ സംവിധാനവും തകർത്തു എന്ന പാക് പ്രൊപ്പഗണ്ട അക്കൗണ്ടുകളുടെ വാദം പൊളിച്ചുകൊണ്ടാണ് വ്യോമസേന വീഡിയോ പുറത്തുവിട്ടത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഫ്ലൈപാസ്റ്റിൽ ആകെ 29 വിമാനങ്ങളാണ് പങ്കെടുത്തത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് റാഫേൽ വിമാനങ്ങളുടെ പ്രകടനമായിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ വ്യോമസേനയുടെ പങ്ക് അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് റാഫേലുകൾ, രണ്ട് മിഗ്-29, രണ്ട് സുഖോയ്-30, ഒരു ജാഗ്വാർ എന്നിവ ചേർന്ന് 'സിന്ദൂർ ഫോർമേഷൻ' ഒരുക്കി. മണിക്കുറിൽ 900 കിലോമീറ്റർ വേഗതയിൽ വെറും 300 മീറ്റർ ഉയരത്തിൽ പറന്ന റാഫേൽ വിമാനം നടത്തിയ വെർട്ടിക്കൽ ചാർലി അഭ്യാസം കാണികളെ വിസ്മയിപ്പിച്ചു.
കഴിഞ്ഞ വർഷം മേയിൽ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ 9 കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു.
പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നതോടെ നൂർ ഖാൻ, സർഗോധ, ജാക്കോബാബാദ് തുടങ്ങിയ പ്രധാന പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ കനത്ത പ്രഹരമേൽപ്പിച്ചു. നാല് ദിവസം നീണ്ട ഈ സൈനിക നീക്കത്തിൽ ഇന്ത്യയുടെ വിമാനങ്ങൾ തകർന്നു എന്നായിരുന്നു പാകിസ്ഥാന്റെ വാദം. BS-022 റാഫേൽ വിമാനം വീണ്ടും പറന്നതോടെ ഇന്ത്യയുടെ സൈനിക കരുത്ത് സുരക്ഷിതമാണെന്നും പാക് അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരിക്കൽ കൂടി തെളിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam