രാഹുല്‍ഗാന്ധി അമേരിക്കയില്‍, സന്ദർശനം പത്ത് ദിവസം, യുഎസിലെ ഇന്ത്യാക്കാരുമായി സംവദിക്കും, വിവരങ്ങൾ അറിയാം

By Web TeamFirst Published May 30, 2023, 11:02 PM IST
Highlights

എം പി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസമാണ് സാധാരണ പാസ്പോർട്ട് ലഭിച്ചത്

ന്യുയോർക്ക്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രാഹുൽ അമേരിക്കയിലെത്തിയത്. പത്ത് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ യു എസിലെ ഇന്ത്യക്കാരുമായും സംവദിക്കുകയും ചെയ്യും. ആദ്യദിനം സാൻഫ്രാന്‍സിസ്കോയിലെ വിദ്യാര്‍ത്ഥികളുമായാണ് രാഹുല്‍ സംവദിക്കുക. പത്ത് ദിവസത്തെ സന്ദർശനത്തിനിടെ രാഹുല്‍ വാർത്തസമ്മേളനവും നടത്തും.

'പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നു'വെന്ന് രാഹുൽ; അനീതിയെന്ന് പ്രിയങ്ക

ബ്രിട്ടൻ സന്ദ‌ർശനത്തിനിടെ രാഹുല്‍ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചത് ബി ജെ പി വലിയ വിവാദമാക്കിയിരുന്നു. എം പി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസമാണ് സാധാരണ പാസ്പോർട്ട് ലഭിച്ചത്. ദില്ലി കോടതി  ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ നൽകിയതോടെയാണ് രാഹുലിന് പാസ്പോർട്ട് ലഭിച്ചത്. മൂന്ന് വർഷത്തേക്കാണ് ദില്ലി കോടതി എൻ ഒ സി നൽകിയിട്ടുള്ളത്. 

അതേസമയം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 150 ലും കോൺഗ്രസ് വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.

അതേസമയം രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയിൽ വെടിനിർത്തലുണ്ടായി എന്നതാണ് മറ്റൊരു വാർത്ത. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒന്നിച്ച്  നീങ്ങാൻ ധാരണയായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട് പോകുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഇരു നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. നേതാക്കൾ ഒന്നിച്ചെത്തി മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അനുനയ ചര്‍ച്ചയിലാണ് സച്ചിൻ പൈലറ്റ് വഴങ്ങിയത്. 

മഞ്ഞുരുകി, രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തൽ; യോജിച്ച് മുന്നോട്ട് പോകുമെന്ന് സച്ചിനും ഗെലോട്ടും

click me!