Asianet News MalayalamAsianet News Malayalam

'പട്ടാഭിഷേകം കഴിഞ്ഞു, അഹങ്കാരിയായ രാജാവ് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നു'വെന്ന് രാഹുൽ; അനീതിയെന്ന് പ്രിയങ്ക

രാജ്യം ഭരിക്കുന്ന സർക്കാർ, പൊലീസിനെ ഉപയോഗിച്ച് നമ്മുടെ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടിനു കീഴിൽ നിഷ്കരുണം ചവിട്ടിമെതിക്കുകയാണെന്നാണ് പ്രിയങ്ക കുറിച്ചത്

rahul gandhi priyanka gandhi aganist pm narendra modi on police action against wrestling protest asd
Author
First Published May 28, 2023, 7:20 PM IST

ദില്ലി: പുതിയ പാർലമെന്‍റ് മന്ദിര ഉദ്ഘാടന ദിവസത്തിൽ ദില്ലിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത്. പൊലീസിനെ ഉപയോഗിച്ച് തെരുവിൽ പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുകയാണ് 'അഹങ്കാരിയായ രാജാവ്' ചെയ്യുന്നതെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ കിരീടധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നതെന്നും രാഹുൽ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. മറ്റൊരു ട്വീറ്റിൽ 'പട്ടാഭിഷേകം കഴിഞ്ഞു - അഹങ്കാരിയായ രാജാവ്' തെരുവിൽ പൊതുജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു' എന്നും രാഹുൽ അഭിപ്രായപ്പെട്ടു.

 

പ്രിയങ്ക ഗാന്ധിയുടെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നു. പൊലീസും ഭരണകൂടവും ചെയ്യുന്നത് തികച്ചും തെറ്റാണെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്‍റെ ധാർഷ്ട്യവും അനീതിയുമാണ് രാജ്യം മുഴുവൻ കാണുന്നതെന്നും അവർ ട്വിറ്റ് ചെയ്തു. 'കളിക്കാരുടെ നെഞ്ചിലെ മെഡലുകൾ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ്, കായിക താരങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകളാണ് രാജ്യത്തിന് വലിയ അഭിമാനമായത്, എന്നാൽ രാജ്യം ഭരിക്കുന്ന സർക്കാർ, പൊലീസിനെ ഉപയോഗിച്ച് നമ്മുടെ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടിനു കീഴിൽ നിഷ്കരുണം ചവിട്ടിമെതിക്കുകയാണ്, ബി ജെ പി സർക്കാരിന്‍റെ ധാർഷ്ട്യം വളരെ വർധിച്ചിരിക്കുന്നു' - എന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

ചെങ്കോലിന് സല്യൂട്ട്, ഗുസ്തി താരങ്ങൾക്ക് അടി, പുതിയ പാർലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്നത് വ്യക്തം: ബിനോയ് വിശ്വം

അതേസമയം ഇന്ന് രാവിലെ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചിരുന്നു. ആദ്യം ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Us:
Download App:
  • android
  • ios