
ദില്ലി: നിലവിൽ പാകിസ്ഥാനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂറി'ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്നാഥിന്റെ പുതിയ പരാമര്‍ശം. സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകൾ.
സിന്ധി സമാജ് സമ്മേളൻ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. നിലവിലെ അതിർത്തികൾ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുൻപ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്ഥാൻ്റെ ഭാഗമായത്. "ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധി സമുദായത്തിൻ്റെ യഥാർത്ഥ മാതൃഭൂമിയാണ് നിലവിൽ പാകിസ്ഥാനിലുള്ള സിന്ധ്. അവിടെ സിന്ധു നദീതട സംസ്കാരം ഉടലെടുത്ത ഇടം. വിഭജനത്തിന് വർഷങ്ങൾക്കിപ്പുറവും സിന്ധി ഹിന്ദുക്കൾ സിന്ധിനോട് പുലർത്തുന്ന വൈകാരിക ബന്ധത്തെക്കുറിച്ചും അദ്ദേഹം ബിജെപി നേതാവ് എൽകെ അദ്വാനിയെ ഉദ്ധരിച്ച് സംസാരിച്ചു. സിന്ധ് ഇന്ത്യയുടെ ഭാഗമല്ലാതായതിനെ അദ്വാനിയുടെ തലമുറയിലെ സിന്ധി ഹിന്ദുക്കൾക്ക് പൂർണ്ണമായി അംഗീകരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായി കണ്ടിരുന്നു. സിന്ധിലെ പല മുസ്ലീങ്ങൾ പോലും ഇതിലെ ജലത്തെ മക്കയിലെ ആബ്-എ-സംസമിൻ്റെ അത്രയും പവിത്രമായാണ് കണക്കാക്കിയിരുന്നത് എന്നും അദ്വാനി തൻ്റെ എഴുത്തുകളിൽ പറഞ്ഞതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാജ്‌നാഥ് സിംഗിൻ്റെ പ്രസ്താവനയോട് പാകിസ്ഥാൻ വരും ദിവസങ്ങളിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam