
ലണ്ടൻ: ഇമിഗ്രേഷൻ തട്ടിപ്പ് സംബന്ധിച്ച വിചിത്രമായ കേസിൽ ബ്രിട്ടീഷ് പൗരത്വ പരിശോധനയ്ക്കിടെ അപേക്ഷകരായി ആൾമാറാട്ടം നടത്താൻ വ്യത്യസ്ത വിഗ്ഗുകളും വേഷങ്ങളും ഉപയോഗിച്ച സ്ത്രീ അറസ്റ്റിൽ. യുകെയിലാണ് സംഭവം. നോർത്ത് ലണ്ടനിലെ എൻഫീൽഡിൽ നിന്നുള്ള സ്ത്രീ കുറഞ്ഞത് 14 പേരായെങ്കിലും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുകെയില്‍ സ്ഥിര താമസത്തിനുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള ലൈഫ് ഇൻ യുകെ ടെസ്റ്റിന് വേണ്ടിയാണ് 61കാരി പലര്‍ക്കായി ആൾമാറാട്ടം നടത്തിയത്. തിങ്കളാഴ്ച (ജനുവരി 27) വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് അഭിമുഖം നടത്തുന്നവരെ കബളിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വ്യാജ രേഖകളും വിഗ്ഗുകളുടെ ഒരു വലിയ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
2022 ജൂൺ 1 നും 2023 ഓഗസ്റ്റ് 14 നും ഇടയിൽ യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ത്രീ ഇത്തരത്തില്‍ ടെസ്റ്റുകൾക്ക് ആൾമാറാട്ടം നടത്തിയെന്നാണ് ആരോപണം. വിഗ് ധരിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന്‍റെ സിസിടിവി ചിത്രങ്ങളും ഹോം ഓഫീസ് പുറത്തുവിട്ടു. ഈ ആൾമാറാട്ടത്തെ 'അപകടകരം' എന്നാണ് കേസിന്‍റെ അന്വേഷണത്തിൽ ഉൾപ്പെട്ട ഇൻസ്പെക്ടർ ഫിലിപ്പ് പാർ വിശദീകരിച്ചത്.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന പല പ്രതികളെയും പോലെ സാമ്പത്തിക നേട്ടം തന്നെയായിരുന്നു സ്ത്രീയുടെ ഉദ്ദേശവും. കേസിൽ തുടർനടപടികളുണ്ടാകുമെന്നും സ്ത്രീ ഹോം ഓഫീസിൽ കസ്റ്റഡിയിൽ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സ്ത്രീയുടെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത വൈറലായതോടെ, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ സർക്കാരിനെയും ഏജൻസികളെയും വിമര്‍ശിച്ചു. പൗരത്വ പരിശോധനകൾക്കായി വിരലടയാളം പോലുള്ള ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം