പാകിസ്ഥാന്‍റെ സാറ്റ്‍ലൈറ്റ് ചിത്രങ്ങൾ പുറത്ത്; ഇന്ത്യ തകർത്ത വിവിഐപി നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നു

Published : Sep 04, 2025, 03:44 PM IST
pak satellite images

Synopsis

ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 

ദില്ലി: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.

വ്യോമാക്രമണത്തിന് മുൻപുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഈ സ്ഥലത്ത് പ്രത്യേക സൈനിക ട്രക്കുകൾ ഉണ്ടായിരുന്നുവെന്ന് ഇന്‍റൽ ലാബിലെ ജിയോ-ഇന്‍റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമൺ പറഞ്ഞു. ഇവ ആക്രമണത്തിൽ നശിച്ചു. ഈ ട്രക്കുകൾ എയർ, ഗ്രൗണ്ട് സംവിധാനങ്ങളെ ആശയവിനിമയ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ (C2) കേന്ദ്രങ്ങളായി പ്രവർത്തിച്ചിരിക്കാമെന്ന് വിശകലന വിദഗ്ദ്ധർ വിശ്വസിക്കുന്നു.

യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസിൽ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങൾ പ്രകാരം, ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നുണ്ട്. ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നത് വ്യക്തമാണ്. പാകിസ്ഥാൻ വ്യോമസേനയുടെ നമ്പർ 12 വിഐപി സ്ക്വാഡ്രൺ (ബുറാക്സ്) ഈ താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, മന്ത്രിമാർ എന്നിവരുൾപ്പെടെ രാജ്യത്തെ ഉന്നത നേതാക്കളെ കൊണ്ടുപോകുന്നതിനുള്ള ചുമതല ഈ യൂണിറ്റിനാണ്.

“2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ആക്രമണം വ്യോമത്താവളത്തിലെ പ്രത്യേക സൈനിക ട്രക്കുകളെ ലക്ഷ്യമിട്ടായിരുന്നു. ഇത് സമീപ കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തി. ഘടനാപരമായ പ്രശ്നങ്ങളും ആന്തരിക നാശനഷ്ടങ്ങളും കാരണം ഈ കെട്ടിടങ്ങൾ പിന്നീട് പൊളിച്ചുനീക്കി,” സൈമൺ പറഞ്ഞു.

"പുതിയ മതിൽ ഭാഗങ്ങളുടെ ഇപ്പോഴത്തെ ഘടന പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഘടനയുമായി യോജിക്കുന്നതാണ്. ഈ സ്ഥലത്ത് പ്രവർത്തന ശേഷി പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാന്‍റെ ഉദ്ദേശ്യവും പുനർനിർമ്മാണ പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്നുണ്ട്. ഇത് വ്യോമത്താവള പ്രവർത്തനങ്ങൾക്ക് അവിഭാജ്യ ഘടകമായിരിക്കാനാണ് സാധ്യത," അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ചിത്രങ്ങളിൽ ഒരു ബോംബാർഡിയർ ഗ്ലോബൽ 6000-ഉം ഒരു സൈനിക യാത്രാ വിമാനവും പുനർനിർമ്മാണ മേഖലയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. അസിം മുനീർ അടുത്തിടെ വിദേശ യാത്രകൾക്കായി ഉപയോഗിച്ചത് പിഎഎഫ് ഗ്ലോബൽ 6000 വിമാനമാണ്. അതേസമയം, അദ്ദേഹത്തിന്‍റെ പതിവ് ഗൾഫ്സ്ട്രീം വിമാനം യുകെയിലെ ഫാർൺബറോ സെന്‍ററിൽ മൂന്ന് മാസത്തെ അറ്റകുറ്റപ്പണിയിലായിരുന്നു. ആ വിമാനം ഇപ്പോൾ തിരിച്ചെത്തിയിട്ടുണ്ട്. മറ്റൊരു ഗൾഫ്സ്ട്രീം വിമാനമായ ജെ 755-ഉം നൂർ ഖാനിലുണ്ടെന്ന് കരുതപ്പെടുന്നു.

ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രാവിലെ 2:30-ന് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറിൽ നിന്ന് തനിക്കൊരു കോൾ വന്നു. ഇന്ത്യ ഇപ്പോൾ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്നും അതിലൊന്ന് നൂർ ഖാൻ വിമാനത്താവളത്തിൽ പതിച്ചെന്നും അസിം മുനീർ അറിയിച്ചുവെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം