വമ്പൻ രഹസ്യങ്ങൾ വശീകരിച്ച് ചോർത്തുന്ന ചുവന്ന മുടിയുള്ള റഷ്യൻ ചാര സുന്ദരി അന്ന; പുതിയ ദൗത്യവുമായി പുടിന്‍റെ വിശ്വസ്ത

Published : Oct 23, 2025, 12:12 PM IST
anna chapman

Synopsis

കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാനെ റഷ്യൻ ഇന്‍റലിജൻസ് മ്യൂസിയത്തിന്‍റെ മേധാവിയായി നിയമിച്ചു. 2010-ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട അന്നയുടെ പുതിയ ദൗത്യം, പിടിക്കപ്പെടാത്ത ചാരന്മാരുടെ കഥകൾ ലോകത്തോട് പറയുക എന്നതാണ്. 

മോസ്കോ: ഒരു കാലത്ത് പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യങ്ങൾ വശീകരിച്ച് ചോർത്തി എന്ന ആരോപണം നേരിട്ട അന്ന ചാപ്മാന് പുതിയ ദൗത്യം. 2010ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട, ചുവന്ന മുടിയുള്ള ഈ കുപ്രസിദ്ധ റഷ്യൻ ചാരവനിതയെ റഷ്യൻ ഇന്‍റലിജൻസ് മ്യൂസിയത്തിന്‍റെ മേധാവിയായിട്ടാണ് നിയമിച്ചിട്ടുള്ളതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. ഒരിക്കലും പിടിക്കപ്പെടാത്ത ചാരന്മാരുടെ കഥ ലോകത്തോട് പറയുക എന്നതാണ് പുതിയ ദൗത്യം. വ്ളാഡമിര്‍ പുടിന്‍റെ വിദേശ ചാര ഏജൻസിയായ എസ് വി ആറുമായി (SVR) നേരിട്ട് ബന്ധമുള്ളതാണ് ഈ മ്യൂസിയം. മോസ്കോയിലെ ഗോർക്കി പാർക്കിന് സമീപമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റഷ്യൻ ചാരപ്രവർത്തനങ്ങളുടെ ചരിത്രവും നേട്ടങ്ങളും ഇവിടെ പ്രദർശിപ്പിക്കും. എസ് വി ആർ മേധാവിയും പുടിന്‍റെ അടുത്ത അനുയായിയുമായ സെർജി നരിഷ്‌കിന്‍റെ മേൽനോട്ടത്തിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുക.

എഫ്ബിഐ കസ്റ്റഡി മുതൽ ചാരപ്പണി വരെ

അന്നയുടെ കഥ ഒരു ചാര സിനിമയെ പോലും പിന്നിലാക്കുന്നതാണ്. 2010-ൽ ഓപ്പറേഷൻ ഗോസ്റ്റ് സ്റ്റോറീസിന്‍റെ ഭാഗമായി ന്യൂയോർക്കിൽ വെച്ചാണ് റഷ്യൻ സ്ലീപ്പർ സെല്ലിലെ അംഗമായിരുന്ന അന്നയെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. യുഎസിൽ അനധികൃതമായി താമസിച്ചിരുന്ന ചാരന്മാരെ ഒരു പതിറ്റാണ്ട് നീണ്ട അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. 2009-ൽ മാൻഹട്ടണിലേക്ക് മാറിയപ്പോൾ താൻ റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് പ്രവർത്തിക്കുന്നതെന്നാണ് അന്ന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

എന്നാൽ, റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ അവർ തങ്ങളുടെ ലാപ്ടോപ്പ് ഉപയോഗിച്ച് രഹസ്യ വയർലെസ് നെറ്റ്‌വർക്കുകൾ സ്ഥാപിച്ചിരുന്നതായി എഫ്ബിഐ പിന്നീട് വെളിപ്പെടുത്തി. അവർ യുഎസിലെത്തിയതിനും അറസ്റ്റിനും ഇടയിലായി ഏകദേശം പത്ത് തവണ ഈ പ്രവർത്തനം നടത്തിയെന്നായിരുന്നു എഫ്ബിഐ കണ്ടെത്തല്‍.

2010 ജൂൺ 27ന് അന്നയെയും മറ്റ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. 11 ദിവസങ്ങൾക്ക് ശേഷം, റഷ്യൻ ഫെഡറേഷന്‍റെ നിയമവിരുദ്ധ ഏജന്‍റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ഇവർ സമ്മതിച്ചു. തുടർന്ന് നടന്ന പ്രശസ്തമായ ചാര കൈമാറ്റത്തിൽ, പടിഞ്ഞാറൻ ഇന്‍റലിജൻസുമായി സഹകരിച്ച നാല് റഷ്യൻ പൗരന്മാരെ മോചിപ്പിച്ചതിന് പകരമായി യുഎസ് ഇവരെ മോസ്കോയിലേക്ക് നാടുകടത്തി. പിന്നീട് സാലിസ്ബറിയിൽ വിഷബാധയേൽക്കുകയും ക്രെംലിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുകയും ചെയ്ത സെർജി സ്ക്രിപാൽ ഈ കൈമാറ്റത്തിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നു.

ബ്രിട്ടനിലെ ബന്ധങ്ങളും ബ്ലാക്ക് വിഡോ വിശേഷണവും

അറസ്റ്റിന് മുമ്പ് ലണ്ടനിൽ താമസിച്ചിരുന്ന അന്ന, തന്‍റെ ആകർഷകമായ വ്യക്തിത്വവും സാമൂഹിക വൈദഗ്ധ്യവും ഉപയോഗിച്ച് രാഷ്ട്രീയക്കാർ, വ്യവസായികൾ, വൻകിട മുതലാളിമാർ എന്നിവരുടെ ഉന്നത വലയങ്ങളിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പലരും അവരെ മാർവൽ കോമിക്സിലെ 'ബ്ലാക്ക് വിഡോ' എന്ന് വിശേഷിപ്പിക്കാൻ കാരണം ഈ കഥകളാണ്. നെറ്റ്ർവർക്കിംഗിലുള്ള അവരുടെ കഴിവ് ശ്രദ്ധിച്ച ഒരു റഷ്യൻ ഏജന്‍റ് പിന്നീട് അന്നയെ ചാരവൃത്തിയിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു.

ബ്രിട്ടീഷ് പൗരനായ അലക്സ് ചാപ്മാനുമായുള്ള വിവാഹത്തിലൂടെയാണ് അവർക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത്. എന്നാൽ, ഈ ബന്ധം നാടകീയമായി അവസാനിച്ചു. തന്നെ പവർ ഡ്രിൽ ഉപയോഗിച്ച് കൊല്ലാൻ അന്ന ശ്രമിച്ചതായി അലക്സ് ഒരിക്കൽ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 'ബോണ്ടിഅന്ന: ടു റഷ്യ വിത്ത് ലവ്' എന്ന തന്‍റെ ആത്മകഥയിൽ അവർ സ്വയം ഒരു യഥാർത്ഥ 007 വനിതയായി ചിത്രീകരിക്കുന്നു. "പുരുഷന്മാരിലുണ്ടാക്കുന്ന എന്‍റെ സ്വാധീനം എനിക്കറിയാമായിരുന്നു. പ്രകൃതി എനിക്ക് ആവശ്യമായ സവിശേഷതകൾ നൽകിയിരുന്നു: ഒതുങ്ങിയ അരക്കെട്ട്, നിറഞ്ഞ മാറിടം, ഒഴുകിയിറങ്ങുന്ന ചുവന്ന മുടി. ഇത് പുറമേ കാണിക്കാൻ ലളിതവും എന്നാൽ ആകർഷകവുമായ വസ്ത്രങ്ങളും കുറഞ്ഞ മേക്കപ്പും മാത്രം മതിയായിരുന്നു. ഏറ്റവും പ്രധാനം, ഞാൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ അധികം ശ്രമിച്ചിരുന്നില്ല. " അവർ പുസ്തകത്തിൽ കുറിച്ചു.

റഷ്യയിൽ തിരിച്ചെത്തിയ ശേഷം

റഷ്യയിൽ തിരിച്ചെത്തിയ ശേഷം, അന്ന ആദ്യം ഒരു വ്യവസായിയായും പിന്നീട് ടിവി അവതാരകയായും സോഷ്യൽ മീഡിയ താരമായും വേഗത്തിൽ സ്വയം മാറി. പുടിന്‍റെ വിശ്വസ്ത പിന്തുണക്കാരിയായ അവർ പലപ്പോഴും റഷ്യൻ ദേശസ്നേഹ ക്യാമ്പയിനുകളിൽ പ്രത്യക്ഷപ്പെടുകയും റഷ്യൻ രഹസ്യാന്വേഷണത്തിന്‍റെ ദേശീയ അഭിമാന ചിഹ്നമായി മാറുകയും ചെയ്തു. പിന്നീട് ഒരു ആൺകുട്ടിയുടെ അമ്മയായി. ഇപ്പോൾ 43 വയസുള്ള അവർ അന്ന റോമനോവ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരമ്പരാഗത റഷ്യൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ അവർ തന്‍റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്നും 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ