
വത്തിക്കാൻ സിറ്റി: വിവാഹം വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് റോമിലെ ബിഷപ്പും കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പ. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു.
ഇക്കാലത്ത് ദമ്പതികൾ ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം തങ്ങളുടെ ബന്ധം വേർപിരിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് മാർപ്പപ്പയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. മാർപ്പാപ്പയുടെ പരാമർശങ്ങൾ ഒരു ബന്ധത്തിൽ ലൈംഗികതയുടെ പ്രാധാന്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന് ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞൻ വിറ്റോ മാൻകുസോ പറഞ്ഞു. "ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അടുത്തിടെ മാർപ്പാപ്പ നടത്തിയ മറ്റൊരു പരാമർശവും വലിയ വിവാദമായിരുന്നു. സ്വന്തം മക്കളേക്കാൾ വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന ആളുകൾ 'സ്വാർത്ഥരാണ്' എന്നതായിരുന്നു വിവാദ പരാമർശം. കുട്ടികൾക്കായി വളർത്തുമൃഗങ്ങളെ പകരം വയ്ക്കുന്നത് 'നമ്മുടെ മാനവികതയെ ഇല്ലാതാക്കുന്നു' എന്നും മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് 'ഭയപ്പെടേണ്ടതില്ല' എന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഒരു കുട്ടി ഉണ്ടാകുന്നത് എല്ലായ്പ്പോഴും അപകടമാണ്, എന്നാൽ ഒരു കുട്ടി ഉണ്ടാകാത്തതിൽ കൂടുതൽ അപകടസാധ്യതയുണ്ടെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു. വളർത്തുമൃഗ പ്രേമികൾ മാർപ്പാപ്പയുടെ പരാമർശത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.