
ടെക്സാസ്: അമേരിക്കയിലെ ടെക്സസിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വാലന്‍റീന ഗോമസ് ഖുർആൻ കത്തിച്ച് വിദ്വേഷ പരാമർശം നടത്തി. ടെക്സസിൽ നിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. ടെക്സസിലെ 31-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് മത്സരിക്കുന്ന റിപബ്ലിക്കൻ സ്ഥാനാർത്ഥിയാണ് വാലന്റീന ഗോമസ്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ടെക്സസിൽ ഇസ്‌ലാമിനെ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വാലന്റീന ഗോമസ് പറഞ്ഞത്. ടെക്സസിലുള്ള മുസ്‌ലിങ്ങൾ ഇവിടെ നിന്നും പോകണമെന്നും അവർക്ക് 57 മുസ്‍ലിം രാജ്യങ്ങളിൽ ഏതിലെങ്കിലും പോകാമെന്നും വാലന്റീന ഗോമസ് പറഞ്ഞു. ക്രിസ്ത്യൻ രാജ്യങ്ങളെ മുസ്ലീങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്ന് ഗോമസ് ആരോപിച്ചു. മുസ്ലീങ്ങൾ ക്രിസ്ത്യൻ രാജ്യങ്ങളെ കീഴടക്കാനായി കൊലയും ബലാത്സംഗവും നടത്തുന്നു എന്നും ആരോപിച്ചു.
"നമ്മൾ ഇസ്‌ലാമിനെ എന്നെന്നേക്കുമായി തടഞ്ഞില്ലെങ്കിൽ നിങ്ങളുടെ പെൺമക്കളെ ബലാത്സംഗം ചെയ്യുകയും നിങ്ങളുടെ ആൺമക്കളുടെ തലയറുക്കുകയും ചെയ്യും" എന്ന് പറഞ്ഞുകൊണ്ടാണ് വാലന്റീന ഗോമസ് വീഡിയോ ആരംഭിച്ചത്. തുടർന്ന് ഖുർആൻ കത്തിച്ചു. ഖുർആൻ കത്തിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് പിന്നീട് വാലന്‍റീന ഗോമസ് വ്യക്തമാക്കി. ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദി ഖുർആനാണെന്നും അവർ ആരോപിച്ചു.
"എന്റെ പ്രവൃത്തിയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒക്ടോബർ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ, അബേ ഗേറ്റിൽ 13 യുഎസ് സൈനികരുടെ ജീവനെടുത്ത, നമ്മളെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ പുസ്തകത്തിന് മുന്നിൽ ഞാൻ ഒരിക്കലും മുട്ടുമടക്കില്ല" എന്ന് അവർ എക്‌സിൽ കുറിച്ചു. അതേസമയം വാലന്‍റീന ഗോമസിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതനായ റിച്ചാർഡ് ഗ്രെനെൽ വിമർശിച്ചു. ഈ പ്രവൃത്തി യുഎസ് ഭരണഘടനയെ ദുർബലപ്പെടുത്തുന്നതാണ്. യുഎസ് ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam