ട്രംപിന്‍റെ ഇംപീച്ച്മെന്‍റിനെ ക്രിസ്തുവിന്‍റെ വിചാരണയോട് ഉപമിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം

By Web TeamFirst Published Dec 19, 2019, 8:48 PM IST
Highlights

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ യേശുക്രിസ്തുവിന്‍റെ വിചാരണയോട് ഉപമിച്ച് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ യേശുക്രിസ്തുവിന്‍റെ വിചാരണയോട് ഉപമിച്ച് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ ബാരി ലൗഡര്‍മില്‍കാണ് ട്രംപിന്‍റെ ഇംപീച്ച്മെന്‍റിനെ ക്രിസ്തുവിന്‍റെ വിചാരണയോട് ഉപമിച്ചത്. 

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രറ്റുകൾക്കായതിനാൽ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്. അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ഇവ. അധികാര ദുർവിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി.

എന്നാൽ സെനറ്റിലും പാസായാൽ മാത്രമേ ട്രംപിന് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകൂ. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്. അതേസമയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്മെന്‍റിനോടുള്ള വൈറ്റ് ഹൗസ് പ്രതികരണം. ഇംപീച്ച്മെന്‍റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ട്രംപ് പ്രതികരിച്ചു. 


 

click me!