ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ മഷി മായ്ക്കാവുന്ന പേന; ഋഷി സുനക് വിവാദത്തിൽ

Published : Jun 29, 2023, 11:57 AM ISTUpdated : Jun 29, 2023, 12:29 PM IST
ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ മഷി മായ്ക്കാവുന്ന പേന; ഋഷി സുനക് വിവാദത്തിൽ

Synopsis

മായ്ക്കാവുന്ന മഷിയുള്ള ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പേന സുനകിന്‍റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാർഡിയൻ പത്രം പുറത്ത് വിട്ടിരുന്നു. 

ലണ്ടൻ: ഔദ്യോഗിക രേഖകളിൽ കൈയെഴുത്ത് കുറിപ്പുകൾ എഴുതാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദം.  ഔദ്യോഗിക രേഖകളിൽ കുറിപ്പെഴുതാൻ ഋഷി സുനക് ഉപയോഗിക്കുന്നത് മഷി മായ്ക്കാവുന്ന പേനയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പേന സുനകിന്‍റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാർഡിയൻ പത്രം പുറത്ത് വിട്ടിരുന്നു. 

നേരത്തെ ധനമന്ത്രിയായിരുന്ന കാലത്തും സുനക് ഇത്തരത്തിലുള്ള പേനകളാണ് ഉപയോഗിച്ചിരുന്നതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പേനകളുപയോഗിച്ച് സർക്കാർ ഉത്തരവുകളിൽ മാറ്റം വരുത്താൻ സാധിക്കുമെന്ന ആശങ്കയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഫയലുകളിൽ കുറിപ്പെഴുതിയ ശേഷം ഇത് സർക്കാർ ആർക്കൈവിലേക്ക് മാറ്റുമ്പോള്‍ എളുപ്പത്തിൽ മായ്ച്ച് കൃത്രിമത്വം വരുത്താം എന്നാണ് ഉയരുന്ന ആരോപണം. രണ്ടാഴ്ച മുമ്പ് മന്ത്രിസഭാ യോഗത്തിൽ ഔദ്യോഗിക കത്തുകളിൽ ഒപ്പിടുമ്പോഴും,  ഈ മാസം മോൾഡോവയിൽ നടന്ന യോഗത്തിലും മായ്ക്കാവുന്ന മഷി ഉപയോഗിച്ചുള്ള പേനയാണ് സുനക് ഉപയോഗിച്ചത്.  

നേരത്തെ മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക രേഖകളില്‍ കുറിച്ചിട്ട വിവരങ്ങള്‍ പുറത്ത് പോയത് വലിയ വിവാദമായിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇത്തരത്തിൽ തെറ്റായ പ്രവൃത്തി ചെയ്യില്ലെന്നും പേന വളരെ വ്യാപകമായി പ്രചാരണത്തിലുള്ളതുമാണെന്നാണ് സുനക്കിന്റെ പ്രസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. അതേസമയം ഔദ്യോഗിക അന്വേഷണങ്ങൾക്ക് കൈമാറിയ പേപ്പറുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ കൈയ്യെഴുത്ത് കുറിപ്പുകള്‍ മായ്‌ക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. 

യുകെയിൽ 4.75 പൗണ്ടിന് (495 രൂപ) ലഭിക്കുന്ന പേനയാണ്  ജപ്പാൻ നിർമ്മിത പൈലറ്റ് ഫൌണ്ടൻ പെൻ . "മഷി ഉപയോഗിച്ച് എഴുതാൻ പഠിക്കുന്നവർക്ക് അനുയോജ്യം, കാരണം നിങ്ങൾ ഒരു തെറ്റ് ചെയ്താൽ, അവ മായ്ച്ച് തിരുത്താനാകും' എന്ന പരസ്യ വാചകത്തോടെയാണ് പേന വിപണയിൽ വിൽപ്പനക്കെത്തുന്നത്.

Read More : ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി, നിർണായകം

PREV
click me!

Recommended Stories

10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ