
ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി.
ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാൻ പോയ സമുദ്ര പേടകം ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു. അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ് ഈ അവശിഷ്ടങ്ങള്‍.
1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ 1985 ലാണ് ഗവേഷകർ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന ആ അവശിഷ്ടങ്ങൾ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തർവാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ചവര്‍ ആരൊക്കെ?
അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യൻ ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam