
സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 33 നഴ്‌സറി കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതിൽ ആഗോളതലത്തിൽ വിമർശനം ശക്തമാകുന്നു. കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തെ ഒരു നഴ്‌സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സുഡാൻ സർക്കാരും സൈന്യവും ആരോപിച്ചു. ആക്രമണത്തിൽ 33 നഴ്സറി കുട്ടികളും 17 മുതിർന്നവരും കൊല്ലപ്പെട്ടെന്നാണ് സൈന്യം വിവരിച്ചത്. നിരവധി കുട്ടികൾക്കടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നതിനാൽ മരണ സംഖ്യ ഉയരുമോയെന്ന് ആശങ്കയുണ്ട്. സാധാരണക്കാർക്ക് നേരെയുള്ള കൊടും ക്രൂരത റാപ്പിഡ് ഫോഴ്‌സ് അവസാനിപ്പിക്കണമെന്ന് സൈന്യും സർക്കാരും ആവശ്യപ്പെട്ടു.
സുഡാൻ സൈന്യവും പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ ഹീനമായ ആക്രമണം. യുദ്ധം ആരംഭിച്ചതുമുതൽ ഇരുപക്ഷത്തുനിന്നുമായി ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടും യുദ്ധവിരാമ ചർച്ചകൾ പാളുകയും സുഡാനിലെ മനുഷ്യക്കുരുതി തുടരുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്.
സുഡാൻ സൈന്യവും ആർ എസ് എഫും തമ്മിൽ പലപ്പോഴും വെടിനിർത്തലിന് ധാരണയായിട്ടുണ്ടെങ്കിലും ഒന്നും ശ്വാശ്വതമായിട്ടില്ല. വെടിനിർത്തൽ പ്രഖ്യാപനങ്ങൾ പാളുന്ന കാഴ്ചയാണ് സുഡാനിൽ കാണുന്നത്. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാറുള്ളത് യു എ ഇയാണ്. ആർ എസ് എഫിന് ആയുധങ്ങളും കൂലിപ്പടയാളികളെയും നൽകുന്നുവെന്ന ആരോപണം കേൾക്കുന്ന രാജ്യം കൂടിയാണ് യു എ ഇ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. യു എ ഇയിലേക്ക് സുഡാനിലെ സ്വർണം കടത്തി പകരം ആർ എസ് എഫ് ആയുധം വാങ്ങുന്നു എന്നാണ് ആരോപണം. സുഡാനിലെ സംഘർഷത്തിൽ വിദേശശക്തികളുടെ ഇടപെടലും സഹായവും നേരത്തെ ആരോപിക്കപ്പെടുന്നതാണ്. യു എ ഇ എല്ലാം നിഷേധിച്ചിട്ടുണ്ടെങ്കിലും ചൈനീസ് തോക്കുകൾ സുഡാനിൽ കണ്ടെത്തിയതടക്കം യു എ ഇക്ക് തിരിച്ചടിയായിട്ടുണ്ട്. യു എ ഇ മാത്രം ഇറക്കുമതി ചെയ്തിട്ടുള്ള ചൈനീസ് ഹൗവിറ്റ്സറുകൾ സുഡാനിൽ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. യു എ ഇക്ക് പുറമേ ഈജിപ്ത്, എത്യോപ്യ, തുർക്കി, റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾക്ക് സുഡാന്‍റെ സമ്പത്തിലും ചെങ്കടലിനോടുള്ള അടുപ്പത്തിലും താൽപര്യമുണ്ട്. ഗാസയിലെ കൂട്ടക്കൊലയിലും പട്ടിണിയിലും അലമുറയിട്ടവരൊന്നും സുഡാനിലെ പ്രകടമായ വംശഹത്യയിൽ പ്രതികരിക്കുന്നില്ലെന്നതാണ് മറ്റൊരു വൈരുധ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam