അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിക്കുമെന്ന് മാധ്യമ രാജാവ് മര്‍ഡോക്ക്: റിപ്പോര്‍ട്ട്

By Web TeamFirst Published Oct 20, 2020, 11:59 AM IST
Highlights

ബൈഡന്‍ അല്ലായിരുന്നെങ്കില്‍ മറ്റൊരു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്കും ട്രംപിന് മുകളില്‍ വിജയം സാധ്യമാകില്ലായിരുന്നുവെന്നാണ് മര്‍ഡോക്ക് വിശ്വസിക്കുന്നത്. 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് പരാജയപ്പെടും എന്ന പ്രവചനവുമായി മാധ്യമ രാജാവ് റൂപ്പഡ് മര്‍ഡോക്ക്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് വന്‍ വിജയമാണ് മര്‍ഡോക്ക് പ്രവചിക്കുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്ക്, ന്യൂയോര്‍ക്ക് പോസ്റ്റ് എന്നീ മാധ്യമങ്ങള്‍ മര്‍ഡോക്കിന്‍റെതാണ്. ബൈഡന്‍ അല്ലായിരുന്നെങ്കില്‍ മറ്റൊരു ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്കും ട്രംപിന് മുകളില്‍ വിജയം സാധ്യമാകില്ലായിരുന്നുവെന്നാണ് മര്‍ഡോക്ക് വിശ്വസിക്കുന്നത്. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു സമയത്ത് അമേരിക്കയില്‍ ട്രംപിന് ഏറ്റവും പിന്തുണ നല്‍കിയിരുന്ന മാധ്യമമായിരുന്നു മര്‍ഡോക്കിന്‍റെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്ക്, ന്യൂയോര്‍ക്ക് പോസ്റ്റ് എന്നിവ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് മാധ്യമങ്ങള്‍ക്കെതിരെ പലപ്പോഴും ട്രംപ് ഫോക്സിന്‍റെ വാര്‍ത്തകള്‍ ട്വീറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഡെയ്ലി ബീസ്റ്റ് ലാസ്റ്റ് വീക്കിന്‍റെ അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം ബൈഡന്‍റെ വിജയം പ്രവചിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ചില വാരങ്ങളായി ഈ മാധ്യമങ്ങളില്‍ വരുന്നത് എന്നാണ്.

കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ ട്രംപിന് പിഴവുകള്‍ പറ്റിയെന്ന് മര്‍ഡോക്ക് കരുതുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒപ്പം വിദഗ്ധരുടെ ഉപദേശങ്ങള്‍ക്ക് ട്രംപ് ചെവികൊടുക്കുന്നില്ല എന്ന പരാതിയും മര്‍ഡോക്കിനുണ്ട്. 

അതേ സമയം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് സംബന്ധിച്ച് മര്‍ഡോക്കിന്‍റെ പ്രതികരണം നേടിയ ബിസിനസ് ഇന്‍സൈഡര്‍ അടക്കമുള്ള മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മര്‍ഡോക്ക് തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ വാരം ബൈഡന്‍റെ മകനെതിരെ ആരോപണങ്ങളുമായി  ന്യൂയോര്‍ക്ക് പോസ്റ്റ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

click me!