യുഎൻ രക്ഷാസമിതിയിലെ സ്ഥിരാം​ഗത്വം: ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ, പ്രഖ്യാപനം യുഎൻ പൊതുസഭയിൽ; പോർച്ചു​ഗലും മൗറീഷ്യസും ഇന്ത്യയ്ക്കൊപ്പം

Published : Sep 27, 2026, 11:06 AM IST
russia backs india for un security council

Synopsis

യുഎൻ രക്ഷാസമിതിയിൽ പരിഷ്കരണം നടത്തുമ്പോൾ ജർമനി, ജപ്പാൻ പോലെയുള്ള രാജ്യങ്ങൾക്ക് സ്ഥിരാം​ഗത്വം നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാം​ഗത്വത്തെയും തങ്ങൾ പിന്തുണയ്ക്കുന്നതായും റഷ്യ വ്യക്തമാക്കി.

യുണൈറ്റഡ് നേഷൻസ്: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാം​ഗത്വം നൽകണമെന്ന ആവശ്യത്തെ പിന്തുണച്ച് റഷ്യ. യുഎൻ പൊതുസഭയിൽ സംസാരിക്കുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർ​ഗേ ലാവ്റോവ് ഇന്ത്യയുടെ സ്ഥിരാം​ഗത്വത്തിന് പിന്തുണ അറിയിച്ചത്. കൂടുതൽ പാശ്ചാത്വരാജ്യങ്ങൾക്ക് സ്ഥിരാം​ഗത്വം നൽകുന്നതിനെ റഷ്യ ശക്തമായി എതിർക്കുകയുംചെയ്തു.

യുഎൻ രക്ഷാസമിതിയിൽ പരിഷ്കരണം നടത്തുമ്പോൾ ജർമനി, ജപ്പാൻ പോലെയുള്ള രാജ്യങ്ങൾക്ക് സ്ഥിരാം​ഗത്വം നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. രക്ഷാസമിതി വിപുലീകരിക്കുമ്പോൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാം​ഗത്വത്തെയും തങ്ങൾ പിന്തുണയ്ക്കുന്നതായും റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ് വ്യക്തമാക്കി.

റഷ്യയ്ക്ക് പുറമേ മൗറീഷ്യസ്, പോർച്ചു​ഗൽ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ സ്ഥിരാം​ഗത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് രാംഫുൽ ആണ് യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. യുഎൻ രക്ഷാസമിതിയിൽ കൂടുതൽ രാജ്യങ്ങൾക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട പോർച്ചു​ഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെ​ഗ്രോ ആഫ്രിക്കയിലെ രാജ്യങ്ങൾക്കും ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും സ്ഥിരാം​ഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, മാർഷൽ ദ്വീപുകളുടെ പിന്തുണ ജപ്പാനായിരുന്നു. ജപ്പാനും ജി4 രാജ്യങ്ങൾക്കും സ്ഥിരാം​ഗത്വത്തിന് പിന്തുണ നൽകുന്നതായാണ് മാർഷൽ ദ്വീപുകളുടെ പ്രസിഡന്റ് വ്യക്തമാക്കിയത്. 1.6 ബില്യണിലേറെ ജനസംഖ്യയുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിന് രക്ഷാസമിതിയിൽ പ്രാതിനിധ്യമില്ലാത്ത കാര്യം വിവിധ ആഫ്രിക്കൻ രാജ്യങ്ങളും ചൂണ്ടിക്കാട്ടി. സിയറ ലിയോൺ, ​ഘാന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിരാം​ഗത്വത്തിനായി വാദമുയർത്തിയത്.

ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാം​ഗങ്ങൾ. ഇവർക്ക് പുറമേ പത്ത് രാജ്യങ്ങളെ രണ്ടുവർഷത്തെ കാലാവധിയിലേക്കും രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കാറുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ സ്ഥിരം ഭീകരവാദികൾ, തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്; യുഎന്നിൽ ആഞ്ഞടിച്ച് എസ് ജയശങ്കർ
സമാധാനം അകലെ? ഹോർമുസ് തുറക്കാമെന്ന ഇറാന്റെ സമാധാന ഉപാധി തള്ളി ട്രംപ്, ഹോർമുസിൽ പൂർണ നിയന്ത്രണം യുഎസിനെന്നും പ്രസിഡന്‍റ്; സൈനിക നടപടിക്കില്ലെന്ന് ഇറാൻ