'ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നു'; യുഎസിനും ഇസ്രയേലിനുമെതിരെ റഷ്യ

Published : Mar 05, 2026, 10:49 PM IST
netanyahu putin trump

Synopsis

അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രായേലും മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം

മോസ്കോ: ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ അമേരിക്കയും ഇസ്രയേലും ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം. യുഎസും ഇസ്രയേലും വിട്ടുകൊടുക്കും എന്നതിന്‍റെ ഒരു സൂചനയും ഇല്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. ഇറാനുമായുള്ള റഷ്യയുടെ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ മേഖലയിലുടനീളമുള്ള എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഇറാന്‍റെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അറിയിക്കാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു.

അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രായേലും മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രതികാര നടപടികളിലേക്ക് അവർ ഇറാനെ മനഃപൂർവ്വം പ്രകോപിപ്പിച്ചു. ഇത് മനുഷ്യ ജീവനുകൾ അപകടത്തിലാവാനും നാശനഷ്ടങ്ങൾക്കും കാരണമായി. റഷ്യ അഗാധമായി ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് യുഎസും ഇസ്രയേലും

അതേസമയം യുദ്ധം ആറാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇറാനെതിരെ അതിശക്തമായ ആക്രമണമാണ് അമേരിക്കയും ഇസ്രയേലും നടത്തുന്നത്. ഇറാനിലേക്കും ലെബനനിലേക്കും ഇസ്രയേൽ പുതിയ ആക്രമണ പരമ്പര തുടങ്ങി. ഇറാനിൽ മരണം 1100 കടന്നു. ഇറാൻ കടുത്ത കുടിവെള്ള , വൈദ്യുതി ക്ഷാമം നേരിടുകയാണെന്ന് ഊർജമന്ത്രി അബ്ബാസ് ആലിയാബാദി പറഞ്ഞപ്പോൾ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പശ്ചിമേഷ്യയ്ക്ക് പിന്നാലെ ദക്ഷിണേഷ്യയിലും യുദ്ധം അശാന്തി വിതയ്ക്കുകയാണ്. ശ്രീലങ്കൻ തീരത്ത് അമേരിക്കൻ സൈന്യം തകർത്ത ഇറാനിയൻ കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ശ്രീലങ്കൻ സൈന്യം അറിയിച്ചു. 180 ഇറാനിയൻ സൈനികരാണ് കപ്പലിലുണ്ടായത്. 32 പേരെ ലങ്കൻ നാവികസേന രക്ഷിച്ചു. 61 പേരെ ഇനി കണ്ടെത്താനുണ്ടെന്നും ശ്രീലങ്കൻ നാവിക സേന അറിയിച്ചു. ഇന്ത്യൻ തീരത്ത് നാവിക അഭ്യാസം കഴിഞ്ഞ് മടങ്ങിയ ഇറാനിയൻ നാവിക സേനയുടെ കപ്പൽ അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നു.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളിയതോടെ യുദ്ധം തുടരുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്. ഇറാനെ പൂർണമായും നിരായുധീകരിക്കുമെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. ട്രംപിന് എതിരായ പ്രമേയത്തിന് ഡെമോക്രാറ്റ് അംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ വോട്ടെടുപ്പിൽ ട്രംപിന് എതിരായ പ്രമേയം പരാജയപ്പെട്ടു. പ്രത്യാക്രമണം തുടരുന്ന ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് എംബസികൾക്ക് നേരെയാണ് ആക്രമണം നടത്തുന്നത്. അതേസമയം യുഎസ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള സയ്യിദ് അലി ഖമയെനിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരുട്ടടി പോലെ യുദ്ധം; സീസണിൽ നഷ്ടം കോടിക്കണക്കിന് രൂപ! റദ്ദാക്കിയത് 100കണക്കിന് വിമാനങ്ങൾ, സഞ്ചാരികള്‍ പിന്‍വാങ്ങുന്നു
ഒടുക്കത്തെ തിരക്കാണ്! 12 മണിക്കൂർ മുമ്പ് എത്തണം; പ്രവാസി മലയാളികളായ യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഒമാൻ എയർ