വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹസീനയ്ക്ക് ധാക്ക കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനിടെ, ഹസീനയുടെ വിശ്വസ്തനായ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ആരോഗ്യകാരണങ്ങളാൽ രാജിവെച്ചത് രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമാക്കുന്നു.
ധാക്ക: ജീവന് ഭീഷണിയുണ്ടെങ്കിലും വധശിക്ഷാ വിധി കാത്തിരിക്കുന്നുണ്ടെങ്കിലും ഈ വർഷം ഡിസംബറോടെ സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയോടാണ് 78കാരിയായ ഹസീന ഇക്കാര്യം അറിയിച്ചത്. 'ഞാൻ കൊല്ലപ്പെട്ടേക്കാം, അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജയിലിലടക്കപ്പെട്ടേക്കാം. എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. എങ്കിലും എന്റെ ജനങ്ങൾ എന്നെ വിളിക്കുന്നതിനാൽ എനിക്ക് മടങ്ങിപ്പോകണം എന്ന് അവർ പ്രതികരിച്ചു.
2024 ഓഗസ്റ്റിൽ ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ഹസീന ഇന്ത്യയിലേക്ക് ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെട്ടത്. പ്രക്ഷോഭ അടിച്ചമർത്തലിൽ 1400 ഓളം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. തുടർന്ന് നവംബറിൽ ധാക്കയിലെ കോടതി ഹസീനയ്ക്ക് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തൂക്കുമര ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയെ നിയമത്തിന്റെ വസ്ത്രമണിഞ്ഞ രാഷ്ട്രീയ പ്രതികാരം എന്നാണ് ഹസീന വിശേഷിപ്പിച്ചത്.
ബംഗ്ലാദേശിൽ പ്രധാനമന്ത്രി താരീഖ് റഹ്മാൻ അധികാരം ഏറ്റെടുത്ത ശേഷം ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലായിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന് ധാക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയം പരിശോധിച്ചു വരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്. താൻ ഇന്ത്യയിൽ പൂർണ്ണ ബഹുമാനത്തോടെയും അന്തസ്സോടെയുമാണ് കഴിയുന്നതെന്നും രാജ്യത്തേക്ക് മടങ്ങാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി. ഭരണകാലത്തെ ലംഘനങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിച്ച ഹസീന, മാപ്പുപറയാൻ തയ്യാറായില്ല.
അതിനിടെ, ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ 76-കാരനായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. 2023 ഏപ്രിൽ മുതൽ പ്രസിഡന്റായിരുന്ന ഷഹാബുദ്ദീന്, അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ രോഗം കാരണം ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാകുന്നതിനാലാണ് രാജി. ഹസീന മടങ്ങിയെത്താൻ പദ്ധതിയിടുമ്പോൾ ഭരണതലത്തിൽ വിശ്വസ്തരാരും ഇല്ലാത്ത അവസ്ഥയിലാണ് അവാമി ലീഗ്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ ജാതിയ സംസദ് സ്പീക്കർ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കും.


